ധർമസ്ഥല പരാതിക്ക് പിന്നിൽ ശശികാന്ത് സെന്തിൽ എം.പിയെന്ന് ജനാർദൻ റെഡ്ഡി; ആരോപണം തള്ളി എം.പി
text_fieldsജനാർദ്ദൻ റെഡ്ഡി, ശശികാന്ത് സെന്തിൽ
മംഗളൂരു: ധർമസ്ഥല കൂട്ടശവസംസ്കാര കേസുമായി തമിഴ്നാട് എം.പി ശശികാന്ത് സെന്തിലിനെ ബന്ധിപ്പിക്കുന്ന ആരോപണവുമായി ബി.ജെ.പി എം.എൽ.എ ഗാലി ജനാർദൻ റെഡ്ഡി. അടിസ്ഥാനരഹിതവും പൊള്ളയുമായ ആരോപണമെന്ന് ദക്ഷിണ കന്നഡ ജില്ല മുൻ ഡെപ്യൂട്ടി കമീഷണർ സെന്തിലിന്റെ പ്രതികരണം.
ബല്ലാരി ജില്ലയിലെ അസി. കമീഷണറായിരുന്നപ്പോൾ എം.എൽ.എയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ വെളിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചതിനാലാണ് തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് സെന്തിൽ ആരോപിച്ചു. റെഡ്ഡി തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. 'വോട്ട് ചോരണം' രാജ്യമെമ്പാടും വാർത്തയാകുമ്പോൾ പൗരന്മാരുടെ ശ്രദ്ധതിരിക്കാൻ റെഡ്ഡി തന്നെ ധർമസ്ഥല കേസുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നുണ്ടാകാം. പക്ഷേ ഈ വിഷയത്തിൽ അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല -സെന്തിൽ അറിയിച്ചു.
ധർമസ്ഥലക്കെതിരായ പ്രചാരണത്തിൽ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥന് പങ്കുണ്ടെന്നാണ് കൊപ്പൽ ജില്ലയിലെ ഗംഗാവതിയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ ആരോപിച്ചത്. സെന്തിലിന്റെ സമ്മർദ്ദത്തെ തുടർന്നാണ് കേസ് അന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) രൂപവത്കരിച്ചതെന്ന് റെഡ്ഡി കൂട്ടിച്ചേർത്തു. അജ്ഞാതനായ 'മുഖംമൂടി ധരിച്ച' പരാതിക്കാരൻ തമിഴ്‌നാട് സ്വദേശിയും സെന്തിലിന്റെ അടുത്ത സഹായിയുമാണെന്നും അദ്ദേഹം ആരോപിച്ചു.
2009 ബാച്ച് കർണാടക കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനും ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമീഷണറുമായിരുന്ന എസ്. ശശികാന്ത് സെന്തിൽ 2019 സെപ്റ്റംബറിലാണ് സിവിൽ സർവീസിൽ നിന്ന് രാജിവച്ചത്. "വൈവിധ്യമാർന്ന ജനാധിപത്യത്തിന്റെ അടിസ്ഥാന നിർമാണ ഘടകങ്ങൾ വിട്ടുവീഴ്ച ചെയ്യപ്പെടുമ്പോൾ" സിവിൽ സർവീസായി തുടരുന്നത് തന്റെ ഭാഗത്തുനിന്ന് അധാർമികതയാണെന്ന പ്രസ്താവനയോടെയായിരുന്നു ബി.ജെ.പി സർക്കാർ അധികാരമേറ്റതിനെത്തുടർന്ന് രാജി. വരും ദിവസങ്ങൾ രാജ്യത്തിന്റെ അടിസ്ഥാന ഘടനയിൽ തന്നെ വളരെ ബുദ്ധിമുട്ടുള്ള വെല്ലുവിളികൾ സൃഷ്ടിക്കും. അതിനാൽ തന്റെ ജോലി തുടരാൻ ഐ.എ.എസിനു പുറത്തായിരിക്കുന്നതാണ് നല്ലതെന്ന് സെന്തിൽ പറഞ്ഞിരുന്നു.
2017 ജൂണിലാണ് ദക്ഷിണ കന്നഡ ജില്ല ഡെപ്യൂട്ടി കമീഷണറായി അദ്ദേഹം ചുമതലയേറ്റത്. 2009നും 2012നും ഇടയിലാണ് ബെല്ലാരിയിൽ അസി. കമീഷണറായി പ്രവർത്തിച്ചത്. ഐ.എ.എസ് സേവനം നിർത്തി കർണാടകയിൽ കോൺഗ്രസുമായി സഹകരിക്കാൻ സെന്തിലിന്റെ ബുദ്ധിയിൽ ഉദിച്ച ആശയമായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ഏശിയ "40 ശതമാനം കമീഷൻ" പ്രചാരണം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ തിരുവള്ളൂർ മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

