സർക്കാർ ആശുപത്രികളിലെ ജൻ ഔഷധി കേന്ദ്രങ്ങൾ നിർത്തലാക്കുന്നു; പകരം സർക്കാർ ആശുപത്രികളിൽ സൗജന്യ മെഡിസിൻ വിതരണം കാര്യക്ഷമമാക്കും
text_fieldsബംഗളൂരു: കർണാടകയിൽ സർക്കാർ ആശുപത്രി പരിസരത്ത് പ്രവർത്തിക്കുന്ന ജൻ ഔഷധി കേന്ദ്രങ്ങൾ നിർത്തലാക്കാൻ ആരോഗ്യ വകുപ്പ് തീരുമാനം. പകരം, സർക്കാർ ആശുപത്രികളിൽ സൗജന്യ മരുന്നു വിതരണ സംവിധാനം കാര്യക്ഷമമാക്കുമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. സർക്കാർ ആശുപത്രികളിൽനിന്ന് സ്വകാര്യ മരുന്നുശാലകളിലേക്ക് ഡോക്ടർമാർ കുറിപ്പടി നൽകുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
‘‘സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് സൗജന്യമായി മരുന്ന് നൽകേണ്ടതുണ്ട്. ആശുപത്രിക്കകത്തെ ഫാർമസി സേവനം സജീവവും കാര്യക്ഷമവുമാക്കാൻ നടപടികളാരംഭിച്ചിട്ടുണ്ട്’’ -മന്ത്രി വ്യക്തമാക്കി. സർക്കാർ ആശുപത്രികൾക്ക് സമീപത്തെ സ്വകാര്യ ഫാർമസികളെ ആശ്രയിക്കുന്നതിന് പകരം സർക്കാർ ആശുപത്രികളിൽ ലഭ്യമായ മരുന്നുകൾ ഉപയോഗപ്പെടുത്താൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രി കാമ്പസുകളിൽ പ്രവർത്തനാനുമതി തേടിയ 31 ജൻ ഔഷധി കേന്ദ്രങ്ങളുടെ പ്രപ്പോസൽ സർക്കാർ നിരസിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി മന്ത്രി രംഗത്തുവന്നത്.
സർക്കാർ ആശുപത്രികളിൽനിന്ന് ലഭ്യമായ ജനറിക് മെഡിസിനുകളുടെ ലഭ്യത ഉറപ്പാക്കാൻ കർണാടക സ്റ്റേറ്റ് മെഡിക്കൽ സപ്ലൈസ് കോർപറേഷനോട് (കെ.എസ്.എം.എസ്.സി.എൽ) സർക്കാർ നിർദേശിച്ചിട്ടുണ്ട്. ജനറിക് മരുന്നുകളുടെ കാര്യത്തിൽ കേന്ദ്ര സ്ഥാപനമായ ബ്യൂറോ ഓഫ് ഫാർമ പി.എസ്.യുസ് ഓഫ് ഇന്ത്യയോട് (ബി.ബി.പി.ഐ) വിലപേശൽ നടത്താനും കെ.എസ്.എം.എസ്.സി.എല്ലിന് നിർദേശം നൽകി. ഇതോടെ ബി.ബി.പി.ഐയിൽനിന്ന് കുറഞ്ഞവിലക്ക് സർക്കാർ ആശുപത്രികൾക്ക് നേരിട്ട് മരുന്നു വാങ്ങാനും അവ സൗജന്യമായി രോഗികൾക്ക് നൽകാനും കഴിയും.
മോദി സർക്കാറിന്റെ പദ്ധതിയായിരുന്നു ജൻ ഔഷധി കേന്ദ്രങ്ങൾ എല്ലാ സർക്കാർ ആശുപത്രികളിലും നടപ്പാക്കുകയെന്നത്. 2021ൽ കർണാടകയിൽ ബി.ജെ.പി സർക്കാർ അധികാരത്തിലിരിക്കെ, രാജ്യത്തുതന്നെ ആദ്യമായി സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ജൻ ഔഷധി കേന്ദ്രങ്ങൾ തുറന്നതും കർണാടകയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

