ജമാഅത്തെ ഇസ്ലാമി കേരള ബംഗളൂരു ഏരിയ സമ്മേളനങ്ങൾ നവംബറിൽ
text_fieldsബംഗളൂരു: ജമാഅത്തെ ഇസ്ലാമി കേരള ബംഗളൂരു സിറ്റി ഏരിയ സമ്മേളനങ്ങൾ പ്രഖ്യാപിച്ചു. ‘ഇസ്ലാമിക പ്രതിനിധാനത്തിന്റെ കർമസാക്ഷ്യം’ എന്ന പ്രമേയത്തിൽ കേരളത്തിലും കേരളത്തിന് പുറത്തുമായി 190 ഓളം ഏരിയ കേന്ദ്രങ്ങളിൽ നടന്നുവരുന്ന സമ്മേളനങ്ങളുടെ ഭാഗമായി നവംബർ 21, 22, 28, 29 തീയതികളിലായി ബംഗളൂരുവിലെ നാല് ഏരിയകളിലായാണ് സമ്മേളനങ്ങൾ സംഘടിപ്പിക്കപ്പെടുകയെന്ന് ജമാഅത്തെ ഇസ്ലാമി ബംഗളൂരു സിറ്റി പ്രസിഡന്റ് ഷമീർ മുഹമ്മദ് അറിയിച്ചു.
ആഗസ്റ്റ് മാസം മുതൽ നാല് മാസത്തോളം നീളുന്ന വിവിധ പ്രാദേശിക പ്രചാരണ പരിപാടികളുടെ സമാപനമായാണ് ഏരിയ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ഏരിയ പ്രസിഡന്റുമാരായ മുഹമ്മദ് ഖുതുബ് (സൗത്ത്), ഇസ്മായിൽ അറഫാത്ത് (നോർത്ത്), അനീസ് അഹ്മദ് (ഈസ്റ്റ്), ബിലാൽ മുഹമ്മദ് (വെസ്റ്റ്) എന്നിവർ അറിയിച്ചു. നാല് ഏരിയാ സമ്മേളനങ്ങളിലായി ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ, അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി, കേന്ദ്ര പ്രതിനിധിസഭാംഗം യൂസുഫ് ഉമരി, കേരള കൂടിയാലോചനാ സമിതിയംഗം ശൈഖ് മുഹമ്മദ് കാരക്കുന്ന്, കേരള കൂടിയാലോചനാ സമിതിയംഗവും മാധ്യമം സി.ഇ.ഒയുമായ പി.എം. സ്വാലിഹ് തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും.
പരമ്പരാഗതമായ ദീർഘവും മടുപ്പുളവാക്കുന്നതുമായ പ്രഭാഷണശൈലിക്കപ്പുറം, ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ആശയങ്ങൾ വ്യക്തമായും ആകർഷകമായും അവതരിപ്പിക്കുന്ന വ്യത്യസ്തമായ സമ്മേളനാനുഭവമായിരിക്കും ഒരുക്കുകയെന്ന് ബംഗളൂരു സിറ്റി സമ്മേളന കൺവീനർ റമീസ് വല്ലപ്പുഴ പറഞ്ഞു. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ നഷ്ടപ്പെട്ടുപോകുന്ന ജീവിതമൂല്യങ്ങൾ വീണ്ടെടുക്കാനും ബന്ധങ്ങളുടെ പ്രാധാന്യവും സമയത്തിന്റെ വിലയും തിരിച്ചറിയാനും സഹായിക്കുന്ന രീതിയിൽ വീഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെ അവതരിപ്പിക്കുന്ന ‘സുഗന്ധമുള്ള ജീവിതം’ എന്ന സെഷൻ സമ്മേളനത്തിലെ പ്രധാന ആകർഷണമാകും.
ഇന്ത്യൻ സമൂഹത്തിൽ വിവിധ മേഖലകളിൽ ജമാഅത്തെ ഇസ്ലാമി ദീർഘകാലമായി നടത്തിവരുന്ന പ്രവർത്തനങ്ങളെക്കുറിച്ചു വിശദീകരിക്കുന്ന ‘ഹം സഫർ’ ഡോക്യു-ഫിക്ഷൻ വീഡിയോ പ്രദർശിപ്പിക്കും. റുക്സാന മൂസ, എ.ടി. ഷറഫുദ്ദീൻ, മുബഷിർ, ജമാൽ അസ്ഹരി, ഷിഫാന, സാഫിർ വി. എം. എന്നിവർ വിവിധ സെഷനുകൾ അവതരിപ്പിക്കും. ഏരിയാ സമ്മേളന കൺവീനർമാരായി റഹീം കോട്ടയം (സൗത്ത് ഏരിയ), അനൂസ് (നോർത്ത് ഏരിയ), ഫഹദ് (വെസ്റ്റ് ഏരിയ), ബിലാൽ (ഈസ്റ്റ് ഏരിയ) എന്നിവരെ ചുമതലപ്പെടുത്തി.
സൗത്ത് ഏരിയ സമ്മേളനം നവംബർ 21-ന് ബെറ്റദാസനപുരയിലും നോർത്ത് ഏരിയ സമ്മേളനം നവംബർ 22-ന് തിരുമാനഹള്ളിയിലും ഈസ്റ്റ് ഏരിയ സമ്മേളനം നവംബർ 28-ന് വൈറ്റ്ഫീൽഡിലും വെസ്റ്റ് ഏരിയ സമ്മേളനം നവംബർ 29-ന് രാമസാന്ദ്രയിലും സംഘടിപ്പിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

