എക്കാലത്തെയും പ്രതിസന്ധികൾക്ക് പരിഹാരം ഇസ്ലാമിലുണ്ട് -യൂസുഫ് ഉമരി
text_fieldsജമാഅത്തെ ഇസ്‌ലാമി ബംഗളൂരു നോർത്ത് ഏരിയ ഏരിയ സമ്മേളനം കേന്ദ്ര പ്രതിനിധി സഭാംഗം യൂസുഫ് ഉമരി ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ലോകത്ത് വ്യത്യസ്ത ആശയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലും സമകാലിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും ഏതുകാലഘട്ടത്തിലുമുണ്ടാകുന്ന പ്രതിസന്ധികളെ അതിജയിച്ച് പരിഹാരം കണ്ടെത്താനും ശേഷിയുള്ള ദർശനമാണ് ഇസ്‌ലാമെന്ന് ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സഭാംഗം യൂസുഫ് ഉമരി പറഞ്ഞു.
സര്‍വ മനുഷ്യരെയും ഒരൊറ്റ കുടുംബമായി ചേര്‍ത്തുപിടിക്കുന്ന ജീവിത വ്യവസ്ഥയായ ഇസ്‌ലാം നീതിയും ആര്‍ദ്രതയും സാഹോദര്യവും അനിവാര്യ ഗുണങ്ങളായി കരുതുന്നു. വര്‍ഗീയതയും വിഭാഗീയതയും വിദ്വേഷവും ഈ ആദര്‍ശത്തിന് കടകവിരുദ്ധമാണ്. ഇസ്‌ലാമിന്‍റെ ഈ വർത്തമാനകാല പ്രതിനിധാനമാണ് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കഴിഞ്ഞ എട്ടു പതിറ്റാണ്ടുകളായി നിർവഹിച്ചുവരുന്ന ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമാഅത്തെ ഇസ്‌ലാമി ബെംഗളൂരു നോർത്ത് ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബംഗളൂരു നോർത്ത് ഏരിയ പ്രസിഡന്‍റ് ഇസ്മായിൽ അറഫാത്ത് അധ്യക്ഷത വഹിച്ചു.
ആലുവ അസ്‌ഹറുൽ ഉലൂം കോളജ് പ്രിൻസിപ്പൽ എം.പി. ഫൈസൽ, ജി.ഐ.ഒ. കേരള സംസ്ഥാന പ്രസിഡന്‍റ് കെ. ഷിഫാന, മുഹമ്മദ് ഖുത്വുബ് എന്നിവർ പാനൽ ചർച്ചക്ക് നേതൃത്വം നൽകി. സാങ്കേതിക മികവോടെ നെയ്തെടുത്ത ഡോക്യുമെന്‍ററിയുടെ പശ്ചാത്തലത്തിൽ പ്രഫ. എം.പി. ഫൈസൽ 'സുഗന്ധമുള്ള ജീവിതം' എന്ന ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് എന്ന ആദർശപ്രസ്ഥാനത്തിന്‍റെ ചരിത്രവും പ്രവർത്തനങ്ങളും പരിചയപ്പെടുത്തുന്ന 'ഹം സഫർ' ഡോക്യു-ഫിക്ഷൻപ്രദർശനവും ശ്രദ്ധേയമായി. സദസ്സിൽ നിന്നുള്ള വ്യത്യസ്ത ചോദ്യങ്ങൾക്ക് യൂസുഫ് ഉമരി അടക്കമുള്ള പാനലിസ്റ്റുകൾ മറുപടി നൽകി. മസ്ജിദ് റഹ്‌മ ഖതീബ് കെ.വി. ഖാലിദിന്‍റെ ഖുർആൻ ക്ലാസോടെ ആരംഭിച്ച സമ്മേളനത്തിൽ ജനറൽ കൺവീനർ എ. അനൂസ് സ്വാഗതവും ജെ.ഐ.എച്ച് കേരള ബംഗളൂരൂ സിറ്റി കമ്മറ്റി അംഗം അഹമ്മദ് റമീസ് വല്ലപ്പുഴ നന്ദിയും പറഞ്ഞു.

