കനത്ത ചൂടാണേ... ജാഗ്രത വേണം
text_fieldsവേനൽചൂട് കടുത്തതോടെ പനനൊങ്ക് വിൽപന സജീവമായി. നഗരത്തിലെ
പനനൊങ്ക് വിൽപനകേന്ദ്രത്തിലെ കാഴ്ച
ബംഗളൂരു: സംസ്ഥാനത്ത് വേനൽ കനക്കുന്നു. കടുത്ത ചൂടായതിനാൽ ഉച്ചക്ക് 12നും മൂന്നിനും ഇടയിൽ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. തുറന്ന സ്ഥലങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്കുവേണ്ടി താൽക്കാലിക അഭയകേന്ദ്രങ്ങളുമൊരുക്കണം.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത ചൂടാണ് സംസ്ഥാനത്ത്. തീരദേശ ജില്ലകളിലും വടക്കൻ ജില്ലകളിലും ചൂട് 40 ഡിഗ്രി സെൽഷ്യസ് കടന്നു. ഗ്രാമപ്രദേശങ്ങളിൽ കുടിവെള്ളക്ഷാമവും തുടങ്ങി. ചിലയിടങ്ങളിൽ കുടിവെള്ളം ടാങ്കറുകളിലെത്തിച്ച് വിതരണം ചെയ്യുന്നുണ്ട്. താപനില കൂടുമെന്നാണ് മുന്നറിയിപ്പ്.
ജോലിസ്ഥലങ്ങളിൽ നിർബന്ധമായും കുടിവെള്ളം ലഭ്യമാക്കണം, കാപ്പി, കഫീൻ അടങ്ങിയ മറ്റു പാനീയങ്ങൾ, മദ്യം, പുകവലി എന്നിവ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങളിൽ പറയുന്നു. വീട്ടിനുള്ളിലേക്കും ജോലിസ്ഥലത്തേക്കും നേരിട്ട് സൂര്യപ്രകാശമെത്താതിരിക്കാൻ സംവിധാനമൊരുക്കണം.കുഞ്ഞുങ്ങൾക്കും പ്രായമായവർക്കും ഗുരുതര അസുഖങ്ങളുള്ളവർക്കും ഗർഭിണികൾക്കും പ്രത്യേക പരിഗണന വേണം. ഇളം നിറത്തിലുള്ള അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ഉപയോഗിക്കണം.
വേഗത്തിലുള്ള ഹൃദയമിടിപ്പ്, തലവേദന, ശരീരത്തിന്റെ താപനില ക്രമാതീതമായി വർധിക്കൽ എന്നിവയുണ്ടായാൽ ഉടൻ ചികിത്സ തേടണം.ധാരാളം വെള്ളം കുടിക്കണം. ഏതെങ്കിലും തരത്തിലുള്ള ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ ചികിത്സ തേടണം. ആരോഗ്യവകുപ്പിന്റെ എമർജൻസി നമ്പറുകളായ 108ലോ 102ലോ വിളിച്ച് സഹായം തേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

