ഐ.ടി ജീവനക്കാരന്റെ ആത്മഹത്യ തൊഴിൽ സമ്മർദം മൂലമെന്ന് കെ.ഐ.ടി.യു
text_fieldsബംഗളൂരു: ഐ.ടി ജീവനക്കാരനായ നിഖിൽ സോമവംശിയുടെ ആത്മഹത്യ തൊഴിലിടത്തിലെ സമ്മർദം മൂലവും ചൂഷണ തൊഴിൽ സംസ്കാരവും മൂലമെന്ന് കർണാടക സ്റ്റേറ്റ് ഐ.ടി എംപ്ലോയീസ് യൂനിയൻ. കഴിഞ്ഞ ദിവസമാണ് ഒല കമ്പനിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗത്തിലെ മെഷീൻ ലേണിങ് എൻജിനീയറായിരുന്ന നിഖിൽ സോമവംശി ആത്മഹത്യ ചെയ്തത്.
മാനേജറിൽനിന്ന് നിരന്തരമായ പീഡനങ്ങൾ നേരിടുന്നതിനിടയിൽ മൂന്നു ജീവനക്കാരുടെ ജോലിഭാരം അദ്ദേഹത്തിന് അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ടെന്ന് കെ.ഐ.ടി.യു പറഞ്ഞു. ‘‘ജീവനക്കാരെ അമിതമായി ജോലി ചെയ്യിക്കുകയും അപമാനിക്കുകയും അന്തസ്സ് നിഷേധിക്കുകയും ചെയ്യുന്ന, അങ്ങേയറ്റത്തെ ചൂഷണ സംസ്കാരം വളർത്തിയതിന് ഒല മാനേജ്മെന്റ് ഉത്തരവാദിയാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഐ.ടി മേഖലയിലിത് സ്ഥിരമാണ്.
എട്ടു മുതൽ ഒമ്പതു മണിക്കൂർ വരെ ജോലി സമയം ഒരു മിഥ്യയായി മാറിയിട്ടുണ്ട്. കമ്പനികൾ ജീവനക്കാരെ സാധാരണ സമയത്തിനപ്പുറം വാരാന്ത്യങ്ങളിൽ പോലും യാതൊരു നഷ്ടപരിഹാരവും കൂടാതെ ജോലി ചെയ്യാൻ നിർബന്ധിക്കുന്നത് തുടരുന്നു. ജീവനക്കാരെ സമ്മർദത്തിലാക്കുന്ന ഇത്തരം പ്രവണതകൾ ഗുരുതരമായ മാനസികവും ശാരീരികവുമായ പ്രശ്നങ്ങളിലേക്ക് നയിക്കുന്നുണ്ട് ’’- യൂനിയൻ പത്രക്കുറിപ്പിൽ പറഞ്ഞു.
ഒലയിലെ നിയന്ത്രണാതീതവും വിഷലിപ്തവുമായ തൊഴിൽ സംസ്കാരത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ച എല്ലാവരെയും ഉത്തരവാദിത്തപ്പെടുത്തണമെന്നും കർണാടക സംസ്ഥാന ഐ.ടി എംപ്ലോയീസ് യൂനിയൻ (കെ.ഐ.ടി.യു) സർക്കാറിനോട് ആവശ്യപ്പെട്ടു.
ആരോഗ്യകരമായ തൊഴിൽ - ജീവിത സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിന് മേഖലയിലെ വിഷലിപ്തമായ തൊഴിൽ സംസ്കാരത്തിനെതിരായ പോരാട്ടത്തിൽ മുന്നോട്ടുവന്ന് ഐക്യപ്പെടാൻ എല്ലാ ജീവനക്കാരും മുന്നോട്ട് വരണമെന്നും കെ.ഐ.ടി.യു ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

