ഐ.എസ് ആരോപണം; ബി.ജെ.പി എം.എൽ.എയെ വെല്ലുവിളിച്ച് തൻവീർ പീര
text_fieldsബസന ഗൗഡ പാട്ടീൽ യത്നാൽ, തൻവീർ പീര, സിദ്ധരാമയ്യ
ബംഗളൂരു: തനിക്ക് ഐ.എസ് ബന്ധമുണ്ടെന്ന ആരോപണമുയർത്തിയ ബി.ജെ.പി എം.എൽ.എയോട് തെളിവ് പുറത്തുവിടാൻ വെല്ലുവിളിച്ച് ആത്മീയ പ്രഭാഷകൻ സെയ്ദ് തൻവീർ ഹാശ്മി എന്ന തൻവീർ പീര. വിജയപുരയിൽനിന്നുള്ള ബി.ജെ.പി എം.എൽ.എയും വിദ്വേഷ പ്രചാരകനുമായ ബസനഗൗഡ പാട്ടീൽ യത്നാലിനോടാണ് വെല്ലുവിളി നടത്തിയത്. ഐ.എസ് ബന്ധം തെളിയിച്ചാൽ താൻ രാജ്യംവിടാൻ തയാറാണെന്നും തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ യത്നാൽ എം.എൽ.എ സ്ഥാനം രാജിവെച്ച് പാകിസ്താനിലേക്ക് പോകണമെന്നും അദ്ദേഹം പറഞ്ഞു.
തൻവീർ പീരക്ക് അന്താരാഷ്ട്ര തീവ്രവാദ സംഘമായ ഐ.എസുമായി ബന്ധമുണ്ടെന്നായിരുന്നു യത്നാലിന്റെ ആരോപണം. ഡിസംബർ നാലിന് ഹുബ്ബള്ളി ബാഷ പീർ ദർഗയിൽ നടന്ന ദക്ഷിണേന്ത്യ മുസ്ലിം മതനേതാക്കളുടെ സമ്മേളനത്തിൽ തൻവീർ പീരക്കൊപ്പം മുഖ്യമന്ത്രി സിദ്ധരാമയ്യ വേദി പങ്കിട്ടതിനെയും യത്നാൽ ചോദ്യം ചെയ്തിരുന്നു. തൻവീർ പീര അടുത്തിടെ ഗൾഫ് മേഖലയിൽ നടത്തിയ സന്ദർശനം തീവ്രവാദ അനുകൂലികളുമായി ചർച്ച നടത്താൻ വേണ്ടിയായിരുന്നെന്നും ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചതായും യത്നാൽ വെളിപ്പെടുത്തി.
എന്നാൽ, തനിക്കെതിരായ യത്നാലിന്റെ ആരോപണത്തിൽ ഒരു കഴമ്പുമില്ലെന്ന് തൻവീർ പീര പ്രതികരിച്ചു. അദ്ദേഹത്തിന്റെ കൈയിൽ തെളിവുണ്ടെങ്കിൽ ഒരാഴ്ചക്കകം സംസ്ഥാനത്തെയോ ദേശീയ തലത്തിലെയോ അന്വേഷണ ഏജൻസികൾക്ക് കൈമാറട്ടെ. തെളിവുകൾ പുറത്തുവിടാൻ തയാറാകണം. അല്ലെങ്കിൽ എം.എൽ.എ സ്ഥാനം രാജിവെച്ച് പാകിസ്താനിൽ പോകണം -അദ്ദേഹം വെല്ലുവിളിച്ചു.
ഹുബ്ബള്ളിയിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായാണ് പങ്കെടുത്തത്. വിവിധ ദർഗകളിൽനിന്നുള്ള ആത്മീയ പ്രഭാഷകർ, മുഖ്യമന്ത്രി സിദ്ധരാമയ്യ, നിയമമന്ത്രി എച്ച്.കെ. പാട്ടീൽ, എം.എൽ.എമാർ തുടങ്ങിയവർ ചടങ്ങിനെത്തിയിരുന്നു. മുഖ്യമന്ത്രി എന്നു പറയുന്നത് ഏതെങ്കിലും വിഭാഗത്തെയോ സമുദായത്തെയോ പ്രതിനിധാനം ചെയ്യുന്നയാളല്ല. അദ്ദേഹം എല്ലാ വിഭാഗക്കാരുടെയും മുഖ്യമന്ത്രിയാണ്. സിദ്ധരാമയ്യയുടെ പ്രഭാവമുയരുന്നതിൽ അസ്വസ്ഥത പൂണ്ടാണ് യത്നാൽ എനിക്കെതിരെ ആരോപണമുന്നയിക്കുന്നത്. മുസ്ലിം സമുദായത്തിനെതിരെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. രാഷ്ട്രീയനേട്ടത്തിന് മാത്രമായാണ് ഈ പ്രസ്താവന അദ്ദേഹം നടത്തിയതെന്നും തൻവീർ പീര കുറ്റപ്പെടുത്തി. ‘സാരെ ജഹാംസെ അച്ഛാ... ഹിന്ദുസ്ഥാൻ ഹമാരാ..’ എന്ന ദേശഭക്തിഗാനത്തിന്റെ വരികളും അദ്ദേഹം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. തൻവീർ പീര വെറുമൊരു പ്രഭാഷകനല്ലെന്നും അദ്ദേഹം സൂഫിയാണെന്നും പരിപാടിയുടെ സംഘാടകനായ സെയ്ദ് താജുദ്ദീൻ ഖാദിരി പ്രതികരിച്ചു.
2016ൽ സൂഫികളുടെ ലോക സമ്മേളനം നടന്നപ്പോൾ അതിന്റെ സംഘാടകരിലൊരാളായിരുന്നു തൻവീർ പീര. ആ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തിരുന്നു. പറയുന്നത് സത്യമായിരുന്നെങ്കിൽ അപ്പോഴെന്തേ യത്നാൽ നിശ്ശബ്ദനായി? -ഖാദിരി ചോദിച്ചു.
യത്നാലിന്റെ ആരോപണത്തിന് അദ്ദേഹം തന്നെ തെളിവ് പുറത്തുവിടട്ടെയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. കേന്ദ്രം ഭരിക്കുന്നത് അദ്ദേഹത്തിന്റെ പാർട്ടിയായ ബി.ജെ.പിയാണെന്നും കേന്ദ്ര ഏജൻസികളെക്കൊണ്ടുതന്നെ അന്വേഷണം നടത്തട്ടെയെന്നും സിദ്ധരാമയ്യ പറഞ്ഞു. ഹാഷ്മിയെ വർഷങ്ങളായി തനിക്കറിയാം. യത്നാൽ വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രചാരകനാണ്. ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയമാണ് അദ്ദേഹത്തിന്റേത്. തെരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി ഇങ്ങനെയൊന്നും ചെയ്യരുത്. പെരുംനുണയനാണ് യത്നാൽ -സിദ്ധരാമയ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

