തിരക്കിലാണ് തേപ്പുകടകൾ; സ്ഥാനാർഥികളെ ശുഭ്ര വസ്ത്രധാരികളാക്കുന്ന തിരക്കിൽ തൊഴിലാളികളും
text_fieldsതൊടുപുഴയിലെ ഇസ്തിരിക്കടയിൽ തേച്ച് അടുക്കിവെച്ച ഷർട്ടുകൾ
തൊടുപുഴ: തെരഞ്ഞെടുപ്പ് കാലമായതോടെ തിരക്കിലാണ് നഗര, ഗ്രാമ ഭേദമന്യേ ഇസ്തിരിക്കടകൾ. സ്ഥാനാർഥികളെയെല്ലാം ശുഭ്ര വസ്ത്രധാരികളാക്കി പ്രചാരണത്തിനിറക്കുന്ന തിരക്കിലാണ് ഇവിടത്തെ തൊഴിലാളികൾ. ചുളിയാത്ത, വൃത്തിയുള്ള വസ്ത്രമിട്ട് വോട്ട് ചോദിച്ചെങ്കിൽ മാത്രമേ വോട്ടർമാരുടെ മനസ്സിൽ ഇടം നേടാൻ കഴിയൂ എന്ന വിശ്വാസമാണോ ഇതിന് പിന്നിലെന്ന് അറിയില്ല. രാവിലെ തന്നെ സ്ഥാനാർഥികൾ പലരും ഇസ്തിരിക്കടകളിലെത്തും. നേരിട്ട് വരാൻ കഴിയാത്തവർ പാർട്ടിക്കാരെയോ സുഹൃത്തുക്കളെയോ പറഞ്ഞയക്കും.
തെരഞ്ഞെടുപ്പ് അടുത്തതോടെ തേപ്പുകടകളിൽ ഇരട്ടി തിരക്കാണ്. ഓരോ വാർഡിലും പ്രധാന മുന്നണികളും സ്വതന്ത്രരുമടക്കം നിരവധി സ്ഥാനാർഥികളുള്ളതിനാൽ കടക്കാർക്കും ‘നല്ല’ സമയം. സ്ഥാനാർഥികൾക്ക് ഒരു ദിവസം കുറഞ്ഞത് രണ്ടുജോടി ഡ്രസ് ആവശ്യമാണ്. മൂന്നുനേരം വസ്ത്രം മാറുന്നവരുമുണ്ട്. തേപ്പുകടകളിൽ സേവനം തേടുന്നവരിൽ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ല.
പശമുക്കി, ഉണക്കി, വടിവോടെ തേച്ചെടുക്കാൻ കടക്കാരും നെട്ടോട്ടമാണ്. ഷർട്ട് അലക്കി പശമുക്കി തേക്കാൻ 70 രൂപയും പശമുക്കി തേക്കുന്നതിന് 50 രൂപയും തേക്കുന്നതിന് മാത്രം 25 രൂപയുമാണ് ഈടാക്കുന്നത്. വനിത സ്ഥാനാർഥികളും സാരി പശമുക്കി തേക്കാനായി എത്തുന്നുണ്ടെന്ന് ഇസ്തിരിക്കടക്കാർ പറയുന്നു. സാരി പശമുക്കി തേക്കുന്നതിന് 180 രൂപയാണ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

