ഐ.പി.എൽ മത്സരങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും -ഡി.കെ. ശിവകുമാർ
text_fieldsബംഗളൂരു: ഭാവിയിലെ ഐ.പി.എൽ മത്സരങ്ങൾക്ക് ചിന്നസ്വാമി സ്റ്റേഡിയം തുടർന്നും ആതിഥേയത്വം വഹിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. 2025ലെ ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിജയമാഘോഷിക്കാൻ വലിയ ജനക്കൂട്ടം ഒത്തുകൂടിയപ്പോൾ ജൂൺ നാലിന് സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരണപ്പെട്ടിരുന്നു. ഈ സാഹചര്യം കർണാടകയിൽ പരിപാടി സംഘടിപ്പിക്കുന്നതിനെക്കുറിച്ചുള്ള സംശയങ്ങൾക്കിടയിലാണ് ശിവകുമാറിന്റെ പ്രഖ്യാപനം.
കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെ.എസ്.സി.എ) പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശിവകുമാർ. ഭാവിയിൽ ഒരു പുതിയ വലിയ സ്റ്റേഡിയവും നിർമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
‘‘ഞാനൊരു ക്രിക്കറ്റ് പ്രേമിയാണ്. കർണാടകയിൽ ഉണ്ടായ അപകടം വീണ്ടും സംഭവിക്കില്ലെന്ന് ഞങ്ങൾ ഉറപ്പാക്കും. ബംഗളൂരുവിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്ന രീതിയിൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്തും’’ -ഉപമുഖ്യമന്ത്രി പറഞ്ഞു.
നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽനിന്ന് കെ.എസ്.സി.എ സ്റ്റേഡിയം പ്രവർത്തിപ്പിക്കും, ശരിയായ ജനക്കൂട്ട നിയന്ത്രണ നടപടികൾ നടപ്പാക്കും. ഐ.പി.എൽ ഞങ്ങൾ മറ്റൊരിടത്തേക്ക് മാറ്റില്ല, ചിന്നസ്വാമി സ്റ്റേഡിയത്തിൽതന്നെ ഇത് തുടരും. ബംഗളൂരുവിന്റെയും കർണാടകയുടെയും അഭിമാനമാണിത്, ഇത് ഞങ്ങൾ നിലനിർത്തും. വനിതാ മത്സരങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, സർക്കാർ അവർക്കും അവസരങ്ങൾ ഉറപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

