നിക്ഷേപത്തട്ടിപ്പ്; മലയാളി ദമ്പതികൾ കെനിയയിലേക്ക് കടന്നതായി പൊലീസ്
text_fieldsടോമി എ. വർഗീസ്, ഭാര്യ ഷൈനി ടോമി
ബംഗളൂരു: മലയാളികളടക്കം നിരവധി നിക്ഷേപകരെ വെട്ടിച്ച് മുങ്ങിയ ബംഗളൂരുവിലെ ചിട്ടിയുടമകളായ മലയാളി ദമ്പതികൾ രാജ്യം വിട്ടതായി പൊലീസ്. പ്രതികളായ എ ആൻഡ് എ ചിറ്റ് ഫണ്ട്സ് ഉടമ ആലപ്പുഴ രാമങ്കരി സ്വദേശി ടോമി എ. വർഗീസ്, ഭാര്യ ഷൈനി ടോമി എന്നിവർ ചിട്ടിത്തട്ടിപ്പ് സംബന്ധിച്ച് നിക്ഷേപകർ പരാതി നൽകും മുമ്പേ രാജ്യം വിട്ടതായാണ് കണ്ടെത്തൽ. ജൂലൈ അഞ്ചിനാണ് തട്ടിപ്പ് നടന്നതായി നിക്ഷേപകർ തിരിച്ചറിയുന്നത്.
എന്നാൽ, ജൂലൈ മൂന്നിനുതന്നെ ദമ്പതികൾ കൊച്ചിവഴി മുംബൈയിലേക്കും അവിടെനിന്ന് ടൂറിസ്റ്റ് വിസയിൽ മുംബൈ-നയ്റോബി വിമാനത്തിൽ കെനിയയിലേക്കും കടന്നതായി ബംഗളൂരു ഈസ്റ്റ് ഡി.സി.പി ഡി. ദേവരാജ പറഞ്ഞു. പ്രതികളുടെ ബാങ്ക് ഇടപാടിന്റെ വിവരങ്ങൾ ശേഖരിച്ചുവരുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതികൾക്കായി വൈകാതെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
ഇതിനുപുറമെ, കേസ് ഉടൻ സി.ഐ.ഡി വിഭാഗത്തിന് കൈമാറുമെന്നറിയുന്നു. അതേസമയം, നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് രാമമൂർത്തി നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയവരുടെ എണ്ണം 400 കടന്നു. 1300ലേറെ നിക്ഷേപകരുള്ള കമ്പനിയിൽ ഇനിയും നിരവധി പേർ പരാതി നൽകാനുണ്ട്. ലഭിച്ച പരാതികളുടെ കണക്കനുസരിച്ച് 40 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസിന്റെ നിഗമനം.
അതേസമയം, ഇരട്ടിയിലേറെ പേർ പരാതി നൽകിയിട്ടില്ലെന്നും തട്ടിപ്പ് നൂറുകോടിയോളമടുക്കുമെന്നും നിക്ഷേപകർ ചൂണ്ടിക്കാട്ടുന്നു. ഭാരതീയ ന്യായ സംഹിതയിലെ 317, 318 വകുപ്പുകളും 1982ലെ ചിറ്റ് ഫണ്ട്സ് ആക്ട്, അനിയന്ത്രിതമായ നിക്ഷേപ പദ്ധതികൾ നിരോധിച്ചുള്ള 2019ലെ ബഡ്സ് ആക്ട് തുടങ്ങിയ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. രാമമൂർത്തി നഗറിൽ 25 വർഷത്തോളമായി താമസിക്കുന്ന ടോമി എ. വർഗീസും ഭാര്യ ഷൈനി ടോമിയും പ്രവാസി മലയാളി സംഘടനകളുടെയടക്കം വിശ്വാസ്യത നേടിയാണ് നിക്ഷേപകരിലേക്കെത്തിയത്.
എ ആൻഡ് എ ചിറ്റ് ഫണ്ട്സ് എന്ന പേരിൽ നടത്തിവന്ന സ്ഥാപനത്തിലെ ജീവനക്കാരെ പോലും വിവരമറിയിക്കാതെ, ബംഗളൂരുവിലെ വീടും വാഹനങ്ങളും വിറ്റാണ് ദമ്പതികൾ ബംഗളൂരുവിൽനിന്ന് മുങ്ങിയത്. കൃത്യമായ ആസൂത്രണത്തോടെയാണ് ദമ്പതികൾ ബംഗളൂരു വിട്ടതെന്ന് കരുതുന്നതായി ഡി.സി.പി ദേവരാജ പറഞ്ഞു. തുച്ഛമായ വിലക്കാണ് അവരുടെ വീടും വാഹനവും വിറ്റൊഴിവാക്കിയത്.
രാമമുർത്തി നഗർ സ്വദേശിയും റിട്ട. ജീവനക്കാരനുമായ പി.ടി. സാവിയോ പരാതിയുമായി പൊലീസിനെ സമീപിച്ചതിനെ തുടർന്നാണ് മറ്റു നിക്ഷേപകരും പരാതിനൽകിയത്. 70 ലക്ഷത്തോളം രൂപ സാവിയോ ചിട്ടിക്കമ്പനിയിൽ നിക്ഷേപിച്ചിരുന്നതായി പരാതിയിൽ പറയുന്നു. നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് ദമ്പതികൾ നിക്ഷേപകരെ കണ്ടെത്തിയത്. കബളിപ്പിക്കപ്പെട്ട നിക്ഷേപകർ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ആഭ്യന്തര മന്ത്രി ജി. പരമേശ്വരയെയും കണ്ട് നിവേദനം കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

