ടി.ഐ.ഇ.എ കണക്ടേഴ്സിൽ 22 കോടിയുടെ നിക്ഷേപം
text_fieldsബംഗളൂരു: ഇലക്ട്രോണിക്സ് രംഗത്ത് ഡിസൈൻ, ഡെവലപ്മെന്റ്, ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്-ഇലക്ട്രിക്കൽ ഇന്റർ കണക്ട് സൊലൂഷൻ നിർമാണം എന്നിവയിൽ പ്രവർത്തിക്കുന്ന സംരംഭമായ ടി.ഐ.ഇ.എ കണക്ടേഴ്സിൽ 22 കോടിയുടെ നിക്ഷേപം. ജംവാണ്ട് വെഞ്ചേഴ്സ്, വാലർ കാപിറ്റൽ എന്നിവ നേതൃത്വത്തിൽ നടന്ന ഫണ്ടിങ്ങിൽ എയ്റ്റ് എക്സ് വെഞ്ചേഴ്സും ഐ.വി കാപും പങ്കാളികളായി.
മലയാളിയായ അജിത് ശശിധരനും (സി.ഇ.ഒ) പുനീത് ശ്രീധർ ജോഷിയും (സി.ടി.ഒ) ചേർന്നാണ് ബംഗളൂരു ആസ്ഥാനമായി ടി.ഐ.ഇ.എ സ്ഥാപിച്ചത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ (ഐ.ഐ.എസ്.സി) സംരംഭക ദൗത്യത്തിന്റെ പിന്തുണയോടെ പിറവി കൊണ്ട ടി.ഐ.ഇ.എ ഇതിനകം നിരവധി പേറ്റന്റുകൾ നേടിയെടുത്തിട്ടുണ്ട്. തദ്ദേശീയമായി ഇലക്ട്രോണിക്സ് സിസ്റ്റം രൂപകൽപനയും നിർമാണവും ഇന്ത്യയിൽ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യവുമായി തുടർന്നും മുന്നേറുമെന്ന് ടി.ഐ.ഇ.എ വ്യക്തമാക്കി.
ഇലക്ട്രിക് വാഹനങ്ങൾ (ഇ.വി), എയ്റോസ്പേസ്, കൺസ്യൂമർ ഇലക്ട്രോണിക്സ്, ഡിഫൻസ് തുടങ്ങി പല മേഖലകളിലെ അവശ്യ ഘടകങ്ങളാണ് പുറത്തിറക്കുന്നത്. ഇ.വി, എയ്റോസ്പേസ്, ഡിഫൻസ് മേഖലകളിലെ മുൻനിര കമ്പനികളുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ടി.ഐ.ഇ.എ, ഡിഫൻസ് ഉപകരണങ്ങൾക്കായി നൂതനമായ ഇന്റർ കണക്ട് സൊലൂഷൻ വികസിപ്പിച്ചതിന് ഇന്ത്യയിലെ ഡിഫൻസ് രംഗത്തെ സ്റ്റാർട്ട് അപ് ചലഞ്ചായ ‘ഐഡക്സ് ചലഞ്ച്- ഡിസ്ക് 12 പുരസ്കാരം കരസ്ഥമാക്കിയിരുന്നു.
ഇലക്ട്രിക്സ്- ഇലക്ട്രോണിക്സ് രംഗത്ത് ഇറക്കുമതിയെ കൂടുതൽ ആശ്രയിക്കുന്നതിനുപകരം ആഭ്യന്തര രംഗത്തെ ഉൽപാദനം പരിപോഷിപ്പിക്കാനും വിവിധ ഇൻഡസ്ട്രികളിൽ ചെലവുകുറഞ്ഞ, അതേസമയം ഉന്നത ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ പുറത്തിറക്കുന്ന കമ്പനികൾക്ക് മികച്ച പിന്തുണ നൽകാനും പുതിയ നിക്ഷേപം ഉപകരിക്കുമെന്നാണ് ടി.ഐ.ഇ.എയുടെ കണക്കുകൂട്ടൽ.
‘‘ജംവാണ്ട് വെഞ്ചേഴ്സ്, വാലർ കാപിറ്റൽ, എയ്റ്റ് എക്സ് വെഞ്ചേഴ്സ്, ഐ.വി കാപ് എന്നിവയുമായി പങ്കാളിത്തമുണ്ടാക്കാനായതിൽ ഏറെ സന്തോഷം പകരുന്നതാണെന്നും ലോക നിലവാരത്തിലുള്ള സേവനങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കുന്നത് തുടരുമെന്നും സി.ഇ.ഒ അജിത് ശശിധരൻ പറഞ്ഞു. 2025 സാമ്പത്തിക വർഷത്തിൽ നാലു മടങ്ങ് വളർച്ചയാണ് ടി.ഐ.ഇ.എ കണക്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന് ഉണ്ടായത്. നിലവിലെ ഉൽപാദന ശേഷിയുടെ 90 ശതമാനവും വിനിയോഗിക്കുന്ന ടി.ഐ.ഇ.എക്ക് പുതിയ നിക്ഷേപത്താൽ ഇ.വി, ഡിഫൻസ്, എയ്റോസ്പേസ് വിപണിയിലെ ആവശ്യകതക്ക് അനുസരിച്ച് ഉൽപാദനം വർധിപ്പിക്കാനാവുമെന്ന് കണക്കുകൂട്ടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

