പ്രതിരോധമേഖലയിലെ ഡ്രോൺ വിതരണ കമ്പനിയുടെ ഡേറ്റ ചോർത്തിയ പരാതി; അന്വേഷണത്തിന് എസ്.ഐ.ടി രൂപവത്കരിക്കാൻ ഹൈകോടതി ഉത്തരവ്
text_fieldsബംഗളൂരു: പ്രതിരോധമേഖലയിൽ ഡ്രോണുകൾ വിതരണം ചെയ്യുന്ന സ്വകാര്യ കമ്പനിയുടെ ഡേറ്റ മോഷ്ടിക്കപ്പെട്ടതായ കേസിൽ എസ്.ഐ.ടി അന്വേഷണം ആവശ്യപ്പെട്ട് സ്വകാര്യകമ്പനി നൽകിയ ഹരജിയിൽ കർണാടക ഹൈകോടതിയുടെ അനുകൂല ഉത്തരവ്. ബംഗളൂരു ആസ്ഥാനമായ ന്യൂസ്പേസ് റിസർച്ച് ആൻഡ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹരജിയിൽ ജസ്റ്റിസ് നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മൂന്നു പേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപവത്കരിക്കാനാണ് ഹൈകോടതി കർണാടക സർക്കാറിന് നിർദേശം നൽകിയത്.
തങ്ങളുടെ മുൻ ജീവനക്കാർ ‘ലെൻവിസ്’ എന്ന കമ്പനിക്കുവേണ്ടി ഡ്രോൺ സാങ്കേതിക വിദ്യ മോഷണം നടത്തിയെന്നാണ് ഹരജിയിലെ ആരോപണം. തങ്ങൾ പുറത്തിറക്കുന്ന ഡ്രോണിന് സമാനമായ ഡ്രോണുകൾ ആരോപണവിധേയരായ കമ്പനിയും പുറത്തിറക്കുകയാണെന്നും ഇത് മാർക്കറ്റിൽ അനാവശ്യ മത്സരം സൃഷ്ടിച്ചതായും ഹരജിക്കാർ ചൂണ്ടിക്കാട്ടി. ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതിരോധവകുപ്പിന്റെ കരാറുകൾ ലെൻവിസ് നേടിയെടുത്തതായും ന്യൂസ്പേസ് ആരോപിക്കുന്നു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ), ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) തുടങ്ങിയ പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളാണ് വിവാദ ഡ്രോണുകളുടെ ഉപഭോക്താക്കളെന്നതിനാൽ ഈ കേസിൽ മുൻകൂർ ജാമ്യം അനുവദിക്കാനാവില്ലെന്നും ഹൈകോടതി വ്യക്തമാക്കി.
നേരത്തേ ബംഗളൂരു പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം വേണ്ട രീതിയിൽ നടക്കുന്നില്ലെന്ന് കണ്ടതോടെയാണ് കേസിൽ എസ്.ഐ.ടി അന്വേഷണം ആവശ്യപ്പെട്ട് ന്യൂസ്പേസ് മാനേജ്മെന്റ് ഹൈകോടതിയെ സമീപിച്ചത്. തങ്ങളുടെ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ബംഗളൂരു പൊലീസ്, ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്യാൻ നോയിഡയിൽ പോയതായും എന്നാൽ, പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിന് പകരം അന്വേഷണ ഉദ്യോഗസ്ഥൻ നോട്ടീസ് നൽകി തിരിച്ചുപോന്നതായും ഹരജിയിൽ പറഞ്ഞു. പ്രതികളിൽനിന്ന് കൈക്കൂലി വാങ്ങിയതിന് അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതായും ഹരജിക്കാർ കോടതിയെ അറിയിച്ചു.
അന്വേഷണ ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ അറസ്റ്റിലായ വിവരം സർക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകനും കോടതിയിൽ സമ്മതിച്ചു. പകരം പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചതായും അന്വേഷണം പുരോഗതിയിലാണെന്നും എസ്.ഐ.ടി രൂപവത്കരിക്കേണ്ട ആവശ്യമില്ലെന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചു. എന്നാൽ, പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട, വിവിധതലങ്ങളുള്ള കേസാണിതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇത്തരം കേസുകൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സിറ്റി ക്രൈംബ്രാഞ്ച് മോഡലിൽ സൈബർ കമാൻഡ് സെന്റർ രൂപവത്കരിക്കേണ്ടതുണ്ടെന്നും ഹൈകോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

