10 ലക്ഷം കോടിയുടെ നിക്ഷേപ ലക്ഷ്യവുമായി ‘ഇൻവെസ്റ്റ് കർണാടക’ 11ന്
text_fieldsഡി.കെ. ശിവകുമാർ
ബംഗളൂരു: ഈ മാസം 11ന് ഉദ്ഘാടനം ചെയ്യുന്ന ആഗോള നിക്ഷേപക സംഗമം ‘ഇൻവെസ്റ്റ് കർണാടക 2025’ൽ 10 ലക്ഷം കോടി രൂപയുടെ നിക്ഷേപ നിർദേശങ്ങൾ പ്രതീക്ഷിക്കുന്നതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. സംഗമത്തിന്റെ തയാറെടുപ്പുകളും വകുപ്പുതല ഏകോപനവും അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
‘വളർച്ചയെ പുനർവിചിന്തനം ചെയ്യുക’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപ സംഗമത്തിൽ 18 രാജ്യങ്ങൾ പങ്കെടുക്കും. 2000ത്തിലധികം നിക്ഷേപകർ ഇതിനകം രജിസ്റ്റർ ചെയ്തു. ഒമ്പത് രാജ്യങ്ങൾ അവരുടെ വ്യവസായങ്ങളും നിക്ഷേപ സാധ്യതകളും പ്രദർശിപ്പിക്കുന്നതിനായി പവലിയനുകൾ സ്ഥാപിക്കും. യു.എസ്, ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് പ്രതിനിധിസംഘങ്ങളെ നയിച്ച വ്യവസായ മന്ത്രി എം.ബി. പാട്ടീൽ നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിവിധയിടങ്ങളിൽ റോഡ്ഷോകളും അരങ്ങേറി.
കർണാടക നിക്ഷേപക സംഗമം എല്ലാ വർഷവും നടക്കാറുണ്ടെങ്കിലും ഇത്തവണ എല്ലാ സംസ്ഥാനങ്ങളും പങ്കെടുക്കുമെന്ന് പാട്ടീൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്, പുതിയ നയങ്ങളുടെയും സംരംഭങ്ങളുടെയും അനാച്ഛാദനം നടക്കും.
ബിസിനസ് സൗഹൃദ പരിഷ്കാരങ്ങൾ ഏർപ്പെടുത്തുമെന്നും ബിസിനസ് ചെയ്യുന്നതിനുള്ള എളുപ്പ നടപടികൾ, നവീകരിച്ച ഏകജാലക സംവിധാനം എന്നിവ ഉൾപ്പെടുത്തുമെന്നും പാട്ടീൽ പ്രഖ്യാപിച്ചു.
ബംഗളൂരുവിലെ ഗവേഷണ വികസന കേന്ദ്രങ്ങളും ഗ്ലോബൽ കപ്പാസിറ്റി സെന്ററുകളും പ്രാദേശിക ഉൽപാദനത്തിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തും. ഹരിത ഊർജത്തിനും ഇലക്ട്രിക് വാഹന (ഇ.വി) ആവാസവ്യവസ്ഥയുടെ വികസനത്തിനും പ്രത്യേക ഊന്നൽ നൽകും.
നിരവധി കമ്പനികൾ അവരുടെ പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. കുമാർ മംഗലം ബിർള, ആനന്ദ് മഹീന്ദ്ര, കിരൺ മജുംദാർ ഷാ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. 60ലധികം പ്രഭാഷകർ പങ്കെടുക്കുന്ന 25ലധികം സെഷനുകൾ പരിപാടിയിലുണ്ടാവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.