മൈസൂരു അനധികൃത മദ്യശാല ഹബ്; ഒമ്പത് ബാർ ഹോട്ടലുകൾ അടച്ചുപൂട്ടി
text_fieldsഎക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
മൈസൂരു: അനധികൃതമായി വാഴുന്ന മദ്യശാലകളുടെ സ്വന്തം നഗരമായി മൈസൂരു മാറിയെന്ന് മൈസൂരു സിറ്റി കോർപറേഷൻ (എംസിസി). അധികൃതർ നടത്തിയ പരിശോധനയിൽ വ്യാപാര ലൈസൻസ്, അഗ്നി സുരക്ഷ സംവിധാനങ്ങൾ, വായു സഞ്ചാര ക്രമീകരണങ്ങൾ തുടങ്ങി നിയമവും ചട്ടവും അനുശാസിക്കുന്ന സംവിധാനങ്ങൾ ഒന്നുമില്ലാതെയാണ് ബാർ-ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. ഈ മാസം 15ന് ദത്തഗള്ളിയിലെ ബാർ-റസ്റ്റാറന്റിലുണ്ടായ അഗ്നിബാധയിൽ ജീവനക്കാരായ ഡാർജിലിങ് സ്വദേശികൾ കൊല്ലപ്പെടുകയും ആറ് പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് എം.സി സി അധികൃതർ പരിശോധന നടത്തിയത്. ട്രേഡ് ലൈസൻസില്ലാതെയും അഗ്നി സുരക്ഷാ നടപടികൾ സ്വീകരിക്കാതെയും പ്രവർത്തിക്കുന്ന ഒമ്പത് ബാർ-റസ്റ്റോറന്റുകൾ അധികൃതർ സീൽ ചെയ്തു.
മൂന്നെണ്ണം കൂടി സീൽ ചെയ്യാൻ നിർദ്ദേശം സമർപ്പിച്ചു. 16 എണ്ണത്തിന് നോട്ടീസ് നൽകി. മൂന്ന് റസ്റ്റാറന്റുകൾക്ക് അഗ്നി സുരക്ഷ നടപടികൾ സ്ഥാപിക്കാൻ നിർദേശം നൽകി. യാദവഗിരി കെ.എസ്.ആർ.ടി.സി സബർബൻ ബസ് സ്റ്റാൻഡിന് സമീപമുള്ള നിരവധി റസ്റ്റാറന്റുകളിലും റൂഫ്‌ടോപ് റസ്റ്റാറന്റുകളിലും റെയ്ഡ് നടത്തി സുരക്ഷാ നടപടികൾ പരിശോധിച്ചു. തീപിടിത്ത സുരക്ഷ സംവിധാനങ്ങളൊന്നും പാലിക്കാത്തതിനാൽ മൂന്ന് റൂഫ്‌ടോപ് റസ്റ്റോറന്റുകൾ എം.സി.സി സീൽ ചെയ്തു. അസി. കമീഷണർ എം.എസ്. പ്രതിഭ, ഡെവലപ്‌മെന്റ് ഓഫിസർ ജഗദീഷ്, പരിസ്ഥിതി എൻജിനീയർ മൈത്രി, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ മഞ്ജുകുമാർ, ബസവരാജ്, ജൂനിയർ എൻജിനീയർമാരായ മോഹൻ, കൃഷ്ണമൂർത്തി, ധനുഷ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
വിവി മൊഹല്ല പരിധിയിൽ നാല് റെസ്റ്റോറന്റുകൾ പരിശോധിച്ച് രണ്ടെണ്ണം സീൽ ചെയ്തു.വിജയനഗറിൽ ഒരു റസ്റ്റോറന്റും ബന്നിമന്തപ്പിൽ രണ്ട് റെസ്റ്റോറന്റുകളും സീൽ ചെയ്തു. വിവിധ ധാബകൾ, ബാറുകൾ, റസ്റ്റോറന്റുകൾ എന്നിവയിൽ പരിശോധന നടത്തി. അനധികൃത മദ്യവിൽപ്പനശാലകൾ നിയന്ത്രിക്കുന്നതിനായി നാല് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന എക്സൈസ് കമ്മീഷണർ ആർ. വെങ്കിടേഷ് കുമാർ പറഞ്ഞു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടമകൾക്കെതിരെ കേസെടുക്കുകയോ പിഴ ചുമത്തുകയോ ചെയ്യും. പരിശോധനകൾ നടത്തിയ ശേഷം സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

