അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ
text_fieldsഉമേഷ്
മംഗളൂരു: കൗപ് താലൂക്കിലെ മല്ലർ ഗ്രാമത്തിൽ വീട് കവർച്ച നടത്തിയ കേസിൽ അന്തർ സംസ്ഥാന, അന്തർ ജില്ല മോഷ്ടാവിനെ കൗപ് പൊലീസ് അറസ്റ്റ് ചെയ്തു. ഉമേഷ് ബലേഗർ എന്ന ഉമേഷ് റെഡ്ഡിയാണ് (44) അറസ്റ്റിലായത്. കഴിഞ്ഞ മാസം നാലിന് പട്ടാപ്പകലാണ് മോഷണം നടന്നത്. പരാതിക്കാരനായ രാഘവേന്ദ്ര കിണി തന്റെ വീട് പുറത്തുനിന്ന് പൂട്ടി താക്കോൽ വൈദ്യുതി മീറ്റർ പെട്ടിക്കുള്ളിൽ സൂക്ഷിക്കുകയായിരുന്നു. പ്രതി ഇതെടുത്ത് മുൻവാതിൽ തുറന്ന് വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നു എന്നാണ് കേസ്. കിടപ്പുമുറിയിലെ അലമാരയിൽനിന്ന് ഏകദേശം 72 ഗ്രാം ഭാരമുള്ള 3.90 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും 1500 രൂപ വിലമതിക്കുന്ന വെള്ളി ആഭരണങ്ങളും മോഷണം പോയി.
മോഷണ രീതി കണക്കിലെടുത്ത് ജില്ല പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ, അഡീ. എസ്.പി സുധാകർ എസ്. നായിക്, മുൻ കാർക്കള അസി. പൊലീസ് സൂപ്രണ്ട് ഡോ. ഹർഷ പ്രിയംവദ, ഇൻചാർജ് കാർക്കള സബ് ഡിവിഷൻ ഡിവൈ.എസ്.പി ഡി.ടി. പ്രഭു എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. കൗപ് സർക്ൾ ഇൻസ്പെക്ടർ ജി. അസ്മത്ത് അലിയുടെ നേതൃത്വത്തിലുള്ള സംഘം വിശദ അന്വേഷണം നടത്തി ശനിയാഴ്ച പ്രതിയെ അറസ്റ്റ് ചെയ്തു. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലായി 16 കേസുകളും കർണാടകയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 17 കേസുകളും പ്രതിക്കെതിരെ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എട്ട് കേസുകളിൽ ഇതിനകം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിൽ കോഴിക്കോട് മാവൂർ, തൃശൂർ, ദക്ഷിണ കന്നട ജില്ലയിലെ സുബ്രഹ്മണ്യ, ബെൽത്തങ്ങാടി, പുത്തൂർ സിറ്റി, മൂഡ്ബിദ്രി, ഉത്തര കന്നട ജില്ലയിലെ സിർസി റൂറൽ, ചിക്കമഗളൂരു ജില്ലയിലെ ബസവനഹള്ളി എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഇയാൾക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ശിവമോഗ ജില്ലയിലെ തീർഥഹള്ളി പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ ഒളിവിലായിരുന്നതിനാൽ ഇയാൾക്കെതിരെ എൽ.പി.സി വാറന്റ് നിലവിലുണ്ട്. ചിക്കമഗളൂരു ജില്ലയിലെ ശൃംഗേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ കോടതി വിളംബര ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുമുണ്ട്.
സി.ഐ ജി. അസ്മത്ത് അലി, പടുബിദ്രി എസ്.ഐ അനിൽ കുമാർ ടി. നായിക്, കൗപ് എസ്.ഐ ശുഭകര, പടുബിദ്രി എ.എസ്.ഐ രാജേഷ്, പൊലീസുകാരായ മോഹൻചന്ദ്ര, രഘു, ജീവൻ, ജീപ്പ് ഡ്രൈവർ ജഗദീഷ്, സി.ഡി.ആർ വിങ് ജീവനക്കാരായ ദിനേശ്, നിതിൻ എന്നിവർ ചേർന്നാണ് അറസ്റ്റ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

