അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇന്നുമുതല്‍
text_fieldsബംഗളൂരു ചലച്ചിത്രോത്സവം സംബന്ധിച്ച വാർത്തസമ്മേളനത്തിൽ നടൻ കിഷോർ സംസാരിക്കുന്നു
ബംഗളൂരു: 16ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ശനിയാഴ്ച ആരംഭിക്കും. വൈകീട്ട് അഞ്ചിന് വിധാന സൗധയില്‍ ഉപ മുഖ്യമന്ത്രി ഡി .കെ. ശിവകുമാര്‍ മുഖ്യാതിഥിയായെത്തുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം നിർവഹിക്കും. കര്‍ണാടക ഫിലിം അക്കാദമി പബ്ലിഷ് ചെയ്ത സിനിമയുമായി ബന്ധപ്പെട്ട അഞ്ച് പുസ്തകങ്ങളും ഫിലിം ഫെസ്റ്റിവലിനെക്കുറിച്ചുള്ള മാന്വലും പ്രശസ്ത നടന് ഡോ. രാജ്കുമാര് പ്രകാശനം ചെയ്യും. അന്താരാഷ്ട്ര ചലച്ചിത്രോത്സവം അംബാസഡര്‍ കിഷോര്‍ കുമാര്‍ ജി, പോളിഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ മല്ഗോര്ശ വെജ്സിസ് ഗോള്‍ ബിയാക്, നടി പ്രിയങ്ക മോഹന്‍, എം. രസിംഹലു എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
ഉദ്ഘാടന ചിത്രമായ പൈരെ (pyre) രാത്രി എട്ടിന് പ്രദര്‍ശിപ്പിക്കും. മാര്‍ച്ച് രണ്ടു മുതലാണ് ചലച്ചിത്ര പ്രദര്‍ശനം ആരംഭിക്കുന്നത്. രാജാജി നഗര്‍ ഓറിയോണ്‍ മാളിലെ 11 സ്ക്രീനുകള്‍ക്ക് പുറമെ കലാവിദാര സങ്ക, സുചിത്ര ഫിലിം സൊസൈറ്റി, ഡോ. രാജ് കുമാര്‍ ഭവന് എന്നിവിടങ്ങളിലാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുക. 60 രാജ്യങ്ങളില്‍നിന്നായി വിവിധ വിഭാഗത്തില്‍ പെടുന്ന 200 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ചലച്ചിത്രോത്സവത്തിൽ ഇത്തവണ 3000 പേരാണ് പ്രതിനിധികളായെത്തുന്നത്. ആദ്യ ദിവസത്തില്‍ തന്നെ 500ഓളം പേർ രജിസ്റ്റര്‍ ചെയ്തുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.
ഒ.ടി.ടി വിഭാഗം മേധാവി ഷിജു പ്രഭാകരന്, സീ എന്റര്ടൈൻമെന്റിൽനിന്നും സുഗത മുഖര്‍ജി, സോണി തത്സമയ കണ്ടന്റ് മേധാവി മുകേഷ് ആര്. മെഹ്ത, നിർമാതാവും വിതരണക്കാരനുമായ ബല്‍വന്ത് സിങ് തുടങ്ങിയ വ്യവസായ പ്രമുഖരുമായി സിനിമയുടെ പുതിയ തലങ്ങളെക്കുറിച്ചുള്ള ചർച്ച, സിനിമ നിർമാണം, വിതരണം, സബ്സിഡികള്‍, അന്താരാഷ്ട്ര ഷൂട്ടിങ്ങിന്റെ ഗുണങ്ങള്‍, എന്‍വിഡിയ മേധാവിയുടെയും വിസിലിങ് വുഡ് ടെക്നിക്കല്‍ ടീമിന്റെയും സിനിമ നിർമാണത്തില്‍ എ.ഐയുടെ സാധ്യത എന്ന വിഷയത്തെക്കുറിച്ചുള്ള അവലോകനം, എസ്. രവിവർമയുടെ ഛായാഗ്രഹണം എന്ന വിഷയത്തില്‍ ക്രിയേറ്റിവ് മാസ്റ്റര്‍ ക്ലാസ്, പ്രശസ്ത സംഗീത സംവിധായകന് ദേവി ശ്രീ പ്രസാദിന്റെ പ്രത്യേക പ്രഭാഷണം, 2024ല്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ അമരന് സിനിമയുടെ അണിയറ പ്രവര്‍ത്തകരുമായി ചര്‍ച്ച, സിനിമയിലെ സ്ത്രീകള്‍ എന്ന വിഷയത്തില്‍ പ്രശസ്ത നടിമാരായ രമ്യ, നന്ദിനി എന്നിവര്‍ നടത്തുന്ന പാനല്‍ ചര്‍ച്ച, കന്നട സിനിമയിലെ സാമ്പത്തിക സ്ഥിതി എന്ന വിഷയത്തില്‍ ചര്‍ച്ച, എഫ്.ഐ.പി.ആര്.ഇ.എസ്.സി.ഐ ക്രിറ്റിക്സ് സംഘത്തിന്റെ സെമിനാര്‍, സിനിമയിലെ അതികായരായ ഗുരു ദത്ത്, ശ്യാം ബെനെഗല്‍, റിത്വിക് ഘട്ടക് എന്നിവരുടെ സ്മരണകള്‍ എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും.
ലോക കന്നട സിനിമ ദിനമായ മാര്‍ച്ച് മൂന്നിന് ഓറിയോണ്‍ മാളിലെ സ്ക്രീന്‍ നമ്പര്‍ 11ല്‍ ആദ്യത്തെ കന്നട ശബ്ദ ചിത്രമായ സതി സുലോചനയുടെ പ്രദര്‍ശനം നടക്കും. നടന് ശ്രുജന്‍ ലോകേഷ്, സതി സുലോചനയുടെ സംവിധായകനായ വൈ.വി. റാവുവിന്റെ പേരക്കുട്ടികള്‍, സിനിമയുടെ തിരക്കഥാകൃത്ത് ബെല്ലാവേ നരഹരി ശാസ്ത്രി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി ഗായകന് ലക്ഷ്മണ ദാസ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിക്കും.ചലച്ചിത്ര രംഗത്തെ അതികായരുമായുള്ള ചര്‍ച്ചകളും പ്രദര്‍ശനങ്ങളും വ്യവസായ വിദഗ്ധരുടെ നിര്‍ദേശങ്ങളും സിനിമ പ്രേമികള്‍ക്ക് പുത്തന്‍ ദൃശ്യാനുഭവം പകര്‍ന്നു നല്‍കും. വാര്‍ത്തസമ്മേളനത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് ഡോ. സധു കോകില, ബി.ബി. കാവേരി, എന്‍. വിദ്യാ ശങ്കര്‍, എം. ഹേമന്ത്, ജെ. കിഷോര്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

