പുതിയ അന്താരാഷ്ട്ര വിമാനത്താവളം സിറയില്‍ നിര്‍ദേശവുമായി വി. സോമണ്ണ
text_fieldsവി. സോമണ്ണ
ബംഗളൂരു: തുമകുരു ജില്ലയിലെ സിറയിൽ പുതിയ അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കണമെന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി കിഞ്ചരപു റാം മോഹൻ നായിഡുവിനോട് കേന്ദ്ര റെയില്‍വേ സഹമന്ത്രി വി. സോമണ്ണ ആവശ്യപ്പെട്ടു. മധ്യ, വടക്കൻ കർണാടകയുടെ വികസനത്തിന് ഇത് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഭൂരിപക്ഷം ജനപ്രതിനിധികളുടെയും ശക്തമായ ആവശ്യത്തെ തുടർന്നാണ് അഭ്യർത്ഥന.
ബംഗളൂരുവിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിനായി കനകപുരക്ക് പകരം തുമകൂരു പരിഗണിക്കണമെന്ന് കർണാടക ബി.ജെ.പി പ്രസിഡന്‍റ് ബി.വൈ. വിജയേന്ദ്ര സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര സഹമന്ത്രിയുടെ പരാമർശം. ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും തുമകൂരുവിന് സമീപം വിമാനത്താവളം വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സിറയിൽ വിമാനത്താവളം ആവശ്യപ്പെട്ട് തുമകുരു, ചിക്കമഗളൂരു, ദാവൻഗരെ, ചിത്രദുർഗ, ബല്ലാരി, ഹാവേരി, റായ്ച്ചൂർ തുടങ്ങിയ ജില്ലകളിലെ നിയമസഭാംഗങ്ങൾ കഴിഞ്ഞ വർഷം മാർച്ച് 20 ന് തനിക്ക് കത്തെഴുതിയതായി കേന്ദ്ര റെയിൽവേ സഹമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
ഇത് സംബന്ധിച്ച് കഴിഞ്ഞ വർഷം ഏപ്രിൽ 22 ന് താൻ റാം മോഹൻ നായിഡുവിന് കത്തെഴുതിയതായും പ്രദേശങ്ങളിലെ ജനപ്രതിനിധികളുടെ ആവശ്യം ശ്രദ്ധയിൽപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. കർണാടകയുടെ വികസനം ഇതുവരെ ബംഗളൂരുവിനെ കേന്ദ്രീകരിച്ചായിരുന്നുവെന്നും ഈ സ്ഥിതി വിശേഷം മാറണമെന്നും സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും നഗരങ്ങളിലും സന്തുലിത വളർച്ച ഉറപ്പാക്കാൻ എല്ലാ ജനപ്രതിനിധികൾക്കും ഉത്തരവാദിത്തമുണ്ടെന്നും സോമണ്ണ പറഞ്ഞു. മധ്യ, വടക്കൻ കർണാടകയിലെ ജനങ്ങൾക്ക് അന്താരാഷ്ട്ര യാത്ര സൗകര്യവും ചരക്ക് നീക്കവും മെച്ചപ്പെടുത്താന്‍ വിമാനത്താവളം പ്രയോജനകരമാകും.
വ്യവസായം, തൊഴിൽ, നിക്ഷേപം, പ്രാദേശിക സാമ്പത്തിക വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുകയും അതുവഴി സംസ്ഥാനത്തിന്‍റെ വികസനത്തിന് സംഭാവന നൽകുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

