ഇനി അന്തർജില്ല യാത്ര ശബ്ദരഹിതം, സുഖപ്രദം ‘ഇ.വി പവർപ്ലസ്’ ഓടിത്തുടങ്ങി
text_fieldsബംഗളൂരു: ഇനി ബംഗളൂരുവിൽ നിന്ന് മറ്റ് ജില്ലകളിലേക്കുള്ള യാത്ര ശബ്ദകോലാഹലരഹിതവും ഏറെ സുഖപ്രദവുമാകും. സാമ്പത്തിക ചെലവും കുറയും. അന്തർജില്ല സർവിസ് നടത്തുന്ന ഇലക്ട്രിക് എ.സി ബസുകൾ കഴിഞ്ഞ ദിവസം ഓടിത്തുടങ്ങിയതോടെയാണിത്. ശബ്ദരഹിതവും സുഗമമായ യാത്രയുമാണ് ഇവയെ പ്രിയങ്കരമാക്കുന്നത്. പരീക്ഷണ ഓട്ടം ബംഗളൂരു-മൈസൂരു റൂട്ടിലാണ്. ഇലക്ട്രിക് ബസ് സർവിസിന് യാത്രക്കാരിൽ നിന്നു പേരുകൾ ക്ഷണിച്ചിരുന്നു. ഇങ്ങനെ ലഭിച്ച ‘ഇ.വി പവർപ്ലസ്’ എന്ന പേരാണ് ബസിന് നൽകിയിരിക്കുന്നത്.
ശാന്തിനഗറിലെ കർണാടക ആർ.ടി.സി ആസ്ഥാനത്തു നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ബി. ശ്രീരാമലുവാണ് ആദ്യ ബസ് ഉദ്ഘാടനം ചെയ്തത്. ജോലിക്കിടെ മരിച്ച കർണാടക ആർ.ടി.സി ജീവനക്കാരുടെ കുടുംബാംഗങ്ങൾക്കുള്ള ഒരു കോടി രൂപയുടെ ഇൻഷുറൻസ് തുകയുടെ വിതരണ ഉദ്ഘാടനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.
12 മീറ്റർ നീളമുള്ള ഇലക്ട്രിക് ബസിൽ 43 പേർക്ക് ഇരുന്ന് യാത്ര ചെയ്യാം. ലിഥിയം അയേൺ ഫോസ്‌ഫേറ്റ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബസ് മൂന്ന് മണിക്കൂർ കൊണ്ട് ഫുൾ ചാർജാകും.സി.സി ടി.വി കാമറകൾ, സ്ത്രീ സുരക്ഷക്കായുള്ള പാനിക് ബട്ടണുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ബസിലുണ്ട്. മൈസൂരിന് പുറമെയുള്ള ആറ് റൂട്ടുകളിൽ പതിവ് സർവിസ് ഫെബ്രുവരിയിൽ ആരംഭിക്കും.
മടിക്കേരി, വീരാജ്പേട്ട്, ദാവനഗരെ, ശിവമൊഗ്ഗ, ചിക്കമഗളൂരു എന്നിവിടങ്ങളിലേക്കാണ് മറ്റു സർവിസുകൾ. കൂടുതൽ ബസുകൾ അടുത്ത മാസത്തോടെ ബംഗളൂരുവിൽ എത്തും. കഴിഞ്ഞ വർഷം രണ്ട് ഘട്ടങ്ങളിലായി 300 ഇലക്ട്രിക് ബസുകളാണ് ബി.എം.ടി.സി നഗരത്തിൽ സർവിസ് ആരംഭിച്ചത്. ഇതു വിജയകരമായതോടെയാണ് അന്തർ ജില്ല സർവിസുകൾ തുടങ്ങാൻ തീരുമാനിച്ചത്.
ഒറ്റച്ചാർജിൽ 300 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുന്ന 50 എ.സി ബസുകളാണ് കേന്ദ്രസർക്കാറിന്‍റെ ഫെയിം പദ്ധതി പ്രകാരം കർണാടക ആർ.ടി.സിക്ക് ലഭിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഒലെക്ട്ര ഗ്രീൻടെക് ലിമിറ്റഡാണ് 10 വർഷത്തെ കരാറിൽ വാടക അടിസ്ഥാനത്തിൽ ബസുകൾ ഓടിക്കുന്നത്.കിലോമീറ്ററിന് 55 രൂപയാണു കമ്പനിക്കു നൽകുക.
യാത്രാച്ചെലവ് കുറയും
ഇലക്ട്രിക് ബസുകളിൽ ടിക്കറ്റ് നിരക്കും കുറയും. നിലവിൽ ബംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്കുള്ള ഐരാവത് എ.സി ബസുകളിൽ 291 രൂപയാണ് ടിക്കറ്റ് നിരക്ക്.കർണാടക ആ.ർ.ടി.സിക്ക് എക്കാലത്തും മികച്ച വരുമാനം ലഭിക്കുന്ന റൂട്ടാണ് മൈസൂരു-ബംഗളൂരു.
ഇലക്ട്രിക് ബസുകളുടെ ടിക്കറ്റ് നിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും ഐരാവത് എ.സി ബസുകളേക്കാൾ കുറഞ്ഞ നിരക്കാകും ഈടാക്കുക.മജസ്റ്റിക് കെംപെഗൗഡ, മൈസൂരു ബസ് ടെർമിനലുകളിലാണ് നിലവിൽ ചാർജിങ് സ്റ്റേഷനുകൾ തയാറായത്. മറ്റു ടെർമിനലുകളിലെ സ്റ്റേഷന്‍റെ നിർമാണം അവസാന ഘട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

