കൊപ്പലിൽ 400 കോടി ചെലവിൽ കാറ്റാടിയന്ത്ര സാമഗ്രി ഫാക്ടറി
text_fieldsഎം.ബി. പാട്ടീൽ
ബംഗളൂരു: കാറ്റാടി ഊർജ മേഖലക്കായി വലിയ ബ്ലേഡുകളും ടവറുകളും നിർമിക്കുന്ന ഇനോക്സ് വിൻഡ്, കൊപ്പൽ ജില്ലയിൽ 400 കോടി രൂപ മുതൽമുടക്കിൽ പുതിയ ഫാക്ടറി സ്ഥാപിക്കുമെന്നും ഏകദേശം 1000 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി എം.ബി. പാട്ടീൽ അറിയിച്ചു.
കൊപ്പൽ ജില്ലയിലെ ക്യാഡിഗോപ്പ ഇൻഡസ്ട്രിയൽ ഏരിയയിലായിരിക്കും പദ്ധതി വരുക. കമ്പനി വിപുലീകരണ പദ്ധതികൾ ചർച്ച ചെയ്യാൻ ഇനോക്സ് വിൻഡ് പ്രസിഡന്റ് (കോർപറേറ്റ് സ്ട്രാറ്റജീസ്) സന്തോഷ് ഖൈർനാറുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് പാട്ടീൽ ഇക്കാര്യം അറിയിച്ചത്. ദേശീയ പാതയോടു ചേർന്ന് 70 ഏക്കർ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി എക്സിക്യൂട്ടിവ് ഡയറക്ടർ ദേവാൻഷ് ജെയിൻ തനിക്ക് കത്തെഴുതിയിരുന്നു.
വീതിയേറിയതും നിലവാരമുള്ളതുമായ റോഡുകളില്ലാത്ത പ്രദേശത്ത് യൂനിറ്റ് സ്ഥാപിക്കുന്നത് വലിയ ബ്ലേഡുകളും ടവറുകളും കൊണ്ടുപോകുന്നതിന് പ്രായോഗികമല്ല. വിജയപുര ജില്ലയിൽ പ്ലാന്റ് സ്ഥാപിക്കാൻ കമ്പനി തുടക്കത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ദേശീയപാതയോട് ചേർന്ന് വ്യവസായ മേഖല ഇല്ലാത്തതിനാൽ അനുയോജ്യമായ ഭൂമി കണ്ടെത്താൻ കഴിഞ്ഞില്ല.
കൊപ്പൽ ജില്ലയിലെ കുഷ്ടഗി താലൂക്കിൽ കർണാടക ഇൻഡസ്ട്രിയൽ ഏരിയാസ് ഡെവലപ്മെന്റ് ബോർഡിന് (കെ.ഐ.എ.ഡി.ബി) കീഴിലുള്ള ഭൂമി പദ്ധതിക്കായി അനുവദിച്ചതായും പാട്ടീൽ പറഞ്ഞു. മൊത്തം 400 കോടി രൂപയുടെ നിക്ഷേപത്തിൽ 300 കോടി രൂപ ആദ്യ ഘട്ടത്തിലും 100 കോടി രൂപ രണ്ടാം ഘട്ടത്തിലും ചെലവഴിക്കും.
പുതിയ വ്യവസായിക നയത്തിന് കീഴിൽ സംസ്ഥാന സർക്കാർ ഇനോക്സ് വിൻഡിന് പൂർണ പിന്തുണയും പ്രോത്സാഹനങ്ങളും നൽകുമെന്ന് മന്ത്രി ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

