ഇന്ദിര കാന്റീൻ ശൃംഖല ശക്തിപ്പെടുത്തും; സംസ്ഥാനത്ത് 184 കാന്റീനുകൾകൂടി തുറക്കും; മൈസൂരുവിൽ ഒമ്പതെണ്ണംകൂടി തുറന്നു
text_fieldsമൈസൂരു ഹിങ്കലിൽ ഇന്ദിര കാന്റീൻ ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ മറ്റു മന്ത്രിമാർക്കും അതിഥികൾക്കുമൊപ്പം ഭക്ഷണം കഴിക്കുന്നു
ബംഗളൂരു: കർണാടകയിൽ ഇന്ദിര കാന്റീൻ ശൃംഖല വിപുലീകരിക്കാനും പ്രവർത്തനം ശക്തിപ്പെടുത്താനും സർക്കാർ പദ്ധതി. സംസ്ഥാനത്ത് 184 ഇന്ദിര കാന്റീനുകൾകൂടി തുറക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മൈസൂരു ജില്ല ഭരണകൂടവും നഗര വികസന വകുപ്പും ചേർന്ന് ഹിങ്കലിൽ സംഘടിപ്പിച്ച ചടങ്ങിൽ മൈസൂരു ജില്ലയിലെ ഒമ്പത് ഇന്ദിര കാന്റീനുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഘട്ടംഘട്ടമായാണ് 184 ഇന്ദിര കാന്റീനുകൾ തുറക്കുകയെന്നും അദ്ദേഹം പറഞ്ഞു. മൈസൂരു ജില്ലയിൽ ഹിങ്കൽ, ഹുട്ടഗള്ളി, പെരിയപട്ടണ, ബന്നൂർ, സർഗൂർ, ബൊഗാഡി, കടക്കോള, രാമനഹള്ളി ടൗൺ പഞ്ചായത്ത് എന്നിവിടങ്ങളിലാണ് പുതിയ ഇന്ദിര കാന്റീനുകൾ പ്രവർത്തനമാരംഭിച്ചത്. ‘‘ഞാൻ ആദ്യത്തെ തവണ മുഖ്യമന്ത്രിയായപ്പോൾ ഇന്ദിര കാന്റീൻ പദ്ധതി പ്രഖ്യാപിച്ചു. വിശക്കുന്ന പാവപ്പെട്ടവനും ദിവസക്കൂലി തൊഴിലാളികൾക്കും ആശുപത്രികളിലെത്തുന്നവർക്കും ചെറിയ കാശിന് ഭക്ഷണം ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. 2017ൽ രാഹുൽ ഗാന്ധി എത്തിയാണ് ഇന്ദിര കാന്റീൻ പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാൽ, തുടർന്ന് അധികാരത്തിൽ വന്ന മറ്റു പാർട്ടികൾ ഇന്ദിര കാന്റീനെ അവഗണിച്ചു. ഇപ്പോൾ ഞങ്ങളാണ് അധികാരത്തിലുള്ളത്. ഇപ്പോൾ ഒമ്പത് കാന്റീനുകൾ മാത്രമല്ല തുറക്കുന്നത്, വൈകാതെ 184 ഇന്ദിര കാന്റീനുകൾകൂടി തുറക്കും’’ -മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
തന്റെ രാഷ്ട്രീയ കരിയറിന്റെ തുടക്കത്തിൽ ഹിങ്കൽ നഗരം തനിക്ക് ആത്മധൈര്യം നൽകിയതായും ഹിങ്കലിന്റെ വികസനത്തിനായി വേണ്ടത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വൈകാതെ ഒരു പി.യു.സി കോളജ് ഹിങ്കലിൽ അനുവദിക്കും -സിദ്ധരാമയ്യ പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ ജില്ല ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ, മുനിസിപ്പൽ ഭരണ-ഹജ്ജ് മന്ത്രി റഹീം ഖാൻ, എം.എൽ.എമാരായ ജി.ടി. ദേവഗൗഡ, തൻവീർ സേട്ട്, കെ. ഹരീഷ് ഗൗഡ, എം.എൽ.സിമാരായ യതീന്ദ്ര സിദ്ധരാമയ്യ, ഡി. തിമ്മയ്യ, മൈസൂരു ഡെപ്യൂട്ടി കമീഷണർ ജി. ലക്ഷ്മികാന്ത റെഡ്ഡി, ജില്ല പഞ്ചായത്ത് സി.ഇ.ഒ എസ്. യുഗേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

