ത്രീഡി പ്രിന്റിങ് നിർമിതിയിൽ രാജ്യത്തെ ആദ്യ പോസ്റ്റ് ഓഫിസ് ബംഗളൂരുവിൽ
text_fieldsകേംബ്രിജ് ലേഔട്ട് തപാൽ ഓഫിസ് തുറന്നപ്പോൾ
ബംഗളൂരു: ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച രാജ്യത്തെ ആദ്യ തപാൽ ഓഫിസ് ബംഗളൂരുവിൽ തുറന്നു. കേംബ്രിജ് ലേഔട്ടിലെ അൾസൂർ ബസാറിനു സമീപം 1021 ചതുരശ്ര അടിയിൽ നിർമിച്ച കെട്ടിടം കേന്ദ്ര റെയിൽവേ-കമ്യൂണിക്കേഷൻസ്-ഇലക്ട്രോണിക്സ്-ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു. ബംഗളൂരു നഗരം രാജ്യത്തിന് എപ്പോഴും പുതിയ ചിത്രങ്ങൾ അവതരിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
റോബോട്ടിക് നിർമാണരീതി അവലംബിക്കുന്ന ത്രീഡി പ്രിന്റിങ് സാങ്കേതിക വിദ്യയിൽ കോൺക്രീറ്റ് മിശ്രിതം അടരുകളായി നിറച്ചാണ് കെട്ടിടം നിർമിക്കുക. മദ്രാസ് ഐ.ഐ.ടിയുടെ സാങ്കേതിക മാർഗനിർദേശത്തിൽ വെറും 44 ദിവസംകൊണ്ടാണ് എൽ ആൻഡ് ടി കമ്പനി ത്രീഡി കെട്ടിടം നിർമിച്ചത്. നിർമാണത്തിലെ കാലദൈർഘ്യവും ചെലവും കുറക്കാനാകുമെന്നതാണ് ഈ സാങ്കേതികവിദ്യയുടെ പ്രധാന സവിശേഷതകൾ. സാധാരണ ത്രീഡി പ്രിന്റിങ് നിർമാണകേന്ദ്രങ്ങളിൽവെച്ച് കെട്ടിടങ്ങളുടെ ഭാഗങ്ങൾ നിർമിച്ചശേഷം സൈറ്റിൽ കൊണ്ടുവന്നു കൂട്ടിച്ചേർക്കുകയാണ് രീതി. എന്നാൽ, കേംബ്രിജ് ലേഔട്ട് തപാൽ ഓഫിസ് നിർമാണം പൂർണമായും സൈറ്റിൽവെച്ചാണ് നടത്തിയത്.
എന്നാൽ, കെട്ടിടം വേഗത്തിൽ പണി പൂർത്തിയായെങ്കിലും കെട്ടിടത്തിന്റെ അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നത് വൈകിയതോടെ ഉദ്ഘാടനവും നീണ്ടു. കഴിഞ്ഞ മാർച്ച് 21ന് ആരംഭിച്ച് മേയ് മൂന്നിന് തപാൽ ഓഫിസിന്റെ നിർമാണം പൂർത്തിയായിരുന്നു.
ത്രീഡി പ്രിൻറിങ് വഴിയുള്ള രാജ്യത്തെ ആദ്യ തപാൽ ഓഫിസ് ബംഗളൂരുവിൽ കാണുമ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. രാജ്യ പുരോഗതിയുടെയും നവീകരണത്തിന്റെയും അടയാളമാണിത്. ഇതിന്റെ പൂർത്തീകരണത്തിന് കഠിനാധ്വാനം ചെയ്തവരെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. കേംബ്രിജ് ലേഔട്ട് തപാൽ ഓഫിസ് നിലവിൽവന്നതോടെ അൾസൂർ ബസാർ തപാൽ ഓഫിസ് എന്നേക്കുമായി പൂട്ടും. ഇവിടത്തെ ജീവനക്കാരെ പുതിയ ഓഫിസിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.
ത്രിഡി പ്രിന്റിങ് സാങ്കേതിക വിദ്യയിൽ നിർമിച്ച രാജ്യത്തെ ആദ്യ തപാൽ ഓഫിസ് കെട്ടിടം കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ബംഗളുരു കേംബ്രിഡ്ജ് ലേഔട്ടിൽ അനാച്ഛാദനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

