ഇന്ത്യൻ സമൂഹം സമത്വത്തിൽ വിശ്വസിക്കുന്നില്ല -സണ്ണി എം. കപിക്കാട്
text_fieldsബംഗളൂരു: ഇന്ത്യൻ സമൂഹം സമത്വത്തിൽ വിശ്വസിക്കുന്നില്ലെന്നും ജാതീയമായി താഴെയുള്ളവർ മുകളിൽ ഉള്ളവരെ ആദരിക്കുകയും മുകളിലുള്ളവർ താഴെയുള്ളവർ ഉപദ്രവിക്കുകയുമാണു ചെയ്യുന്നതെന്നും പ്രമുഖ ചിന്തകനും ദലിത് ആക്ടിവിസ്റ്റുമായ സണ്ണി എം. കപിക്കാട് അഭിപ്രായപ്പെട്ടു.
പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളജ് അലുംനി അസോസിയേഷന്റെ (നെകാബ്) ആഭിമുഖ്യത്തിൽ ഇന്ദിരാനഗർ ഇ.സി.എ ഹാളിൽ നടത്തിയ ‘മണ്ണ്’ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനത്തോടനുബന്ധിച്ച് ‘ഭൂമി വിതരണത്തിലെ ജാതി- ലിംഗ അസമത്വങ്ങൾ’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭൂമിയെന്നത് ആന്തരികതയെ രൂപപ്പെടുത്തുന്ന പ്രധാന ഘടകമാണ്. മനുഷ്യന്റെ വ്യക്തിത്വത്തെയും ആത്മവിശ്വാസത്തെയും സ്വാതന്ത്ര്യത്തെയും നിർണയിക്കുന്നതു ഭൂമിയാണ്. തന്റേതായ ഇടമില്ലാത്ത മനുഷ്യർ സമൂഹത്തിൽ അനാഥരാണ്. തന്റേതായ ഇടം ഉണ്ടാവുന്ന അവസ്ഥയാണ് തന്റേടമെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന്, അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലൂടെ ശ്രദ്ധേയമായ സിനിമ ‘ മണ്ണ്: സ്പ്രൗട്ട്സ് ഓഫ് എൻഡുറൻസ്‘ പ്രദർശിപ്പിച്ചു. സണ്ണി എം. കപിക്കാട്, സംവിധായകൻ രാംദാസ് കടവല്ലൂർ, നടനും നിർമാതാവുമായ പ്രകാശ് ബാരെ, ആർ.വി. ആചാരി, എ.എ. മജീദ്, ടി.എം. ശ്രീധരൻ, മുഹമ്മദ് കുനിങ്ങാട്, എസ്.കെ. നായർ, മുക്ത പ്രേംചന്ദ്, ഉമേഷ് രാമൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

