ലാൽ ബാഗിൽ സ്വാതന്ത്ര്യദിന പുഷ്പമേള ഇന്ന് മുതല്‍
text_fieldsവ്യാഴാഴ്ച ആരംഭിക്കുന്ന പുഷ്പമേളക്കായി ലാല്‍ ബാഗ് ബൊട്ടാണിക്കല്‍ ഗാര്‍ഡനിൽ പുഷ്പാലങ്കാരങ്ങൾ ഒരുക്കിയപ്പോൾ
ബംഗളൂരു: ലാല്‍ ബാഗ് ബൊട്ടാണിക്കല്‍ ഗാര്‍ഡനിൽ 218ാമത് പുഷ്പമേളക്ക് ഇന്ന് ആരംഭമാവും. 12 ദിവസങ്ങളിലായി നടക്കുന്ന സ്വാതന്ത്ര്യദിന പുഷ്പമേള മുഖ്യമന്ത്രി സിദ്ധരാമയ്യ രാവിലെ 10ന് ഗ്ലാസ് ഹൗസില്‍ ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങള്‍ക്ക് വെള്ളിയാഴ്ച മുതല്‍ 18 വരെ മേള ആസ്വദിക്കാം. വടക്കന്‍ കര്‍ണാടകയിലെ കിറ്റൂര്‍ രാജ്യവും സ്വാതന്ത്ര്യ സമര നേതാക്കളായ കിറ്റൂര്‍ രാജ്ഞി റാണി ചെന്നമ്മ, സൈനിക മേധാവി ക്രാന്തിവീര സംഗോളി രായണ്ണ എന്നിവരുട ജീവിത സംഭാവനകളെ പ്രമേയമാക്കിയാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്.
ഗ്ലാസ് ഹൗസിനുള്ളിലെ 2800 ചതുരശ്ര അടി ഉയരമുള്ള കിറ്റൂര്‍ കോട്ടയുടെ പുഷ്പ മാത്രകയാണ് പ്രധാന ആകര്‍ഷണം. കുതിരപ്പുറത്ത് കയറിയ ചെന്നമ്മ, രായണ്ണ എന്നിവരുടെ മാതൃകകൾ, റാണിയുടെ അന്ത്യവിശ്രമ സ്ഥലം, കോട്ടയുടെ ഒരു ഭാഗം, ലാവണി നര്‍ത്തകരുടെ മാതൃകകള്‍, ബ്രിട്ടീഷുകാര്‍ രായണ്ണയെ തൂക്കിലേറ്റുന്ന രംഗം, പ്രതിമകള്‍, ഛായാചിത്രങ്ങള്‍, പുഷ്പങ്ങള്‍ കൊണ്ട് നിർമിച്ച പിരമിഡുകൾ, ഹൃദയാകൃതിയുള്ള കമാനങ്ങള്‍ എന്നിവ പ്രദർശനത്തിനുണ്ട്. കൂടാതെ ലാല്‍ ബാഗിലെ വിവിധ സ്ഥലങ്ങളില്‍ എട്ട് വലിയ ഔട്ട് ഡോര്‍ സ്ക്രീനുകള്‍ സ്ഥാപിക്കുകയും അവിടെ ചെന്നമ്മയുടെയും രായണ്ണയുടെയും ചരിത്ര രേഖകള്‍ സംപ്രേഷണം ചെയ്യുകയും ചെയ്യും.
36.5 ലക്ഷത്തിലധികം പൂക്കൾ ഉപയോഗിച്ചാണ് ഇത്തവണ ഫ്ലവർ ഷോ ഒരുക്കിയത്. നാല് ലക്ഷം പീച്ച് ഡച്ച് റോസ് തണ്ടുകളും 1200 കിലോ ഡച്ച് ജമന്തി പൂക്കളും പുഷ്പാലങ്കാരത്തിന് ഉപയോഗിച്ചിട്ടുണ്ട്. ചിക്കബല്ലാപുര, കോലാര്‍ എന്നിവിടങ്ങളില്‍നിന്ന് ജമന്തി പൂക്കളും ഹൊസൂരില്‍നിന്ന് വെള്ള റോസാ പൂക്കളും മേളയിലേക്ക് എത്തി.
133 സി.സി ടി.വി കാമറകളും ഡോര്‍ ഫ്രെയിം ഡിറ്റക്റ്റര്‍, 12 വാട്ടര്‍ ബൂത്തുകള്‍, പ്രാഥമിക ചികിത്സ കേന്ദ്രം, മൃഗങ്ങളുടെ സുരക്ഷക്കുള്ള മുന്‍കരുതലുകള്‍ എന്നിവയും സന്ദര്‍ശകര്‍ക്കയി മിസ്റ്റ് കൂളിങ് സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ഉപയോഗം പൂർണമായി നിരോധിച്ചിട്ടുണ്ട്. പ്രത്യേക പാര്‍ക്കിങ് ഏരിയ, ക്ലോക്ക് റൂം, ഷട്ടില്‍ സര്‍വിസുകള്‍ എന്നിവ ഉണ്ടാവും. നിശ്ചിത സ്ഥലങ്ങളില്‍ ഫോട്ടോഗ്രഫി അനുവദിക്കും.
പുഷ്പ മേളയുടെ ഭാഗമായി വിദ്യാർഥികളുടെ ഉപന്യാസ മത്സരങ്ങൾ, പുഷ്പ കല പ്രദർശനങ്ങൾ, സസ്യമേളകൾ എന്നിവയും അരങ്ങേറും. മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണം ആഗസ്റ്റ് 16ന് ലാല്‍ ബാഗിലെ ഡോ. എം.എച്ച് മാരി ഗൗഡ മെമ്മോറിയല്‍ ഹാളില്‍ നടക്കും. മൂന്നു കോടി രൂപയാണ് പുഷ്പമേളയുടെ മൊത്തം ചെലവ്. രാവിലെ ആറ് മുതല്‍ വൈകീട്ട് ഒമ്പത് വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

