കർണാടകയിൽ സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ വർധന
text_fieldsRepresentational Image
ബംഗളൂരു: കർണാടകയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ വർധനയെന്ന് റിപ്പോർട്ട്. ദേശീയ ക്രൈം റിപ്പോർട്സ് ബ്യൂറോയുടെ പുതിയ കണക്കുപ്രകാരം, 2021ൽ 14,468 കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ 2022ൽ ഇത് 17,813 ആയി ഉയർന്നു. എന്നാൽ, രാജ്യത്തെ മൊത്തം കേസുകൾ പരിഗണിച്ചാൽ കർണാടക പത്താമതാണ്. രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ ഒന്നാമത് ഉത്തർപ്രദേശും (65743) രണ്ടാമത് മഹാരാഷ്ട്രയും (45331) മൂന്നാമത് രാജസ്ഥാനും (45,058) ആണ്.
കർണാടകയിൽ ശരാശരി ഒരു ലക്ഷം വനിതകളിൽ 53.6 പേർ അതിക്രമം നേരിടേണ്ടിവരുന്നുണ്ട്. ഇവയിൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നതാവട്ടെ 82.8 ശതമാനവും. 2022ൽ രജിസ്റ്റർ ചെയ്ത കേസുകളിൽ 595 എണ്ണം ബലാത്സംഗവുമായി ബന്ധപ്പെട്ടാണ്. ഇത്തരം കേസുകളിൽ പ്രതികൾ ബഹുഭൂരിഭാഗവും ഇരകളുമായി പരിചയമുള്ളവരാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 6201 എണ്ണം സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ടാണ്. 3141 പോക്സോ കേസുകളും 2812 ഗാർഹിക പീഡന കേസുകളും ഇതിൽ ഉൾപ്പെടുന്നു. 288 ആത്മഹത്യപ്രേരണ കേസുകളും 2224 സ്ത്രീധന പീഡന കേസുകളും തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് 1812 കേസുകളും രജിസ്റ്റർ ചെയ്തു. സ്ത്രീകൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 235 കേസുകൾ കഴിഞ്ഞവർഷം രേഖപ്പെടുത്തി.
സൈബർ കുറ്റകൃത്യങ്ങളുടെ ആകെ കണക്കിൽ ബംഗളൂരുവാണ് മുന്നിൽ. 19 മെട്രോ സിറ്റികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 13,534 സൈബർ കേസുകളിൽ 73.4 ശതമാനവും ബംഗളൂരുവിലാണ് (9,940 കേസുകൾ). മറ്റൊരു ഐ.ടി ഹബ്ബായ ഹൈദരാബാദിൽ 282 കേസുകളാണുള്ളത്.
റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം പരിഗണിച്ചാണ് പട്ടിക തയാറാക്കുന്നത് എന്നതിനാൽ സൈബർ കുറ്റകൃത്യങ്ങൾ കാര്യക്ഷമമായി റിപ്പോർട്ട് ചെയ്യപ്പെടുന്നതും പട്ടികയിൽ മുൻനിരയിലെത്തുന്നതിന്റെ ഘടകമാണ്. ബംഗളൂരു നഗരത്തിലെ സൈബർ കുറ്റകൃത്യങ്ങൾ പിന്തുടരാൻ സിറ്റി പൊലീസ് കമീഷണർ പ്രത്യേക പദ്ധതികൾ തയാറാക്കിയിരുന്നു. സൈബർ കേസുകൾക്കുമാത്രമായി എട്ട് പൊലീസ് സ്റ്റേഷനുകൾ ആരംഭിച്ച കമീഷണർ, പ്രത്യേക അന്വേഷണ സംഘത്തെയും (എസ്.ഐ.ടി) രൂപവത്കരിച്ചിട്ടുണ്ട്. പൊലീസ് നടപടികൾ കാര്യക്ഷമമാക്കിയതോടെ പരാതികൾ രജിസ്റ്റർ ചെയ്യാൻ കൂടുതൽ പേർ രംഗത്തുവരുന്നുണ്ട്. ഇതോടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണവും ബംഗളൂരുവിൽ വർധിച്ചു.
ഈവർഷം നവംബർവരെ മാത്രം 9,000ത്തിലേറെ സൈബർ കേസുകൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. മറ്റിടങ്ങളിൽ സൈബർ കേസുകൾ രജിസ്റ്റർ ചെയ്യുന്നതിലുള്ള പൊലീസിന്റെ നിസ്സഹകരണം അടക്കമുള്ള കാരണങ്ങൾ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടാതിരിക്കാൻ കാരണമാവാമെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ ചൂണ്ടിക്കാട്ടുന്നു.
അക്കൗണ്ടുകളിൽനിന്നുള്ള പണം തട്ടിപ്പാണ് സൈബർ കേസുകളിൽ ഭൂരിഭാഗവും. 2022ൽ കർണാടകയിൽ ഒരു ദിവസം ശരാശരി ഒരു കോടി രൂപ എന്ന തോതിൽ സൈബർ തട്ടിപ്പിൽ ആളുകൾക്ക് പണം നഷ്ടമായതായി ഐ.ടി-ബി.ടി മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ കഴിഞ്ഞവർഷം പുറത്തുവിട്ട കണക്കുപ്രകാരം, രാജ്യത്തെ 31,908 സൈബർ കേസുകളിൽ 12,549 എണ്ണവും റിപ്പോർട്ട് ചെയ്തത് ബംഗളൂരുവിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

