കരാറുകാരുടെ വീടുകളിൽ ആദായനികുതി റെയ്ഡ്
text_fieldsമൈസൂരുവിൽ റെയ്ഡ് നടന്ന വീട്
ബംഗളൂരു: ആദായനികുതി ഉദ്യോഗസ്ഥരുടെ സംഘം മൂന്ന് ജില്ലകളിലെ മുപ്പതോളം കരാറുകാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. ന്യൂഡൽഹി, ചെന്നൈ, ഗോവ, കൊൽക്കത്ത എന്നിവിടങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരാണ് ബംഗളൂരു, മാണ്ഡ്യ, മൈസൂരു എന്നിവിടങ്ങളിൽ റെയ്ഡ് നടത്തിയത്. ഒന്നിലധികം ബിസിനസുകളിൽ നികുതി വെട്ടിപ്പ് നടത്തിയതായി സംശയിക്കുന്ന സംരംഭകരെയും ബിൽഡർമാരെയും ലക്ഷ്യമിട്ടാണ് റെയ്ഡ്.
മൈസൂരുവിൽ രാവിലെ ആറോടെ ഐ.ടി ഉദ്യോഗസ്ഥർ എത്തി വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. രാമകൃഷ്ണനഗർ ഒന്ന് ബ്ലോക്കിലെ വീടുകളും ഓഫിസുകളും പരിശോധിച്ചു. അമ്മ കോംപ്ലക്സിനു സമീപമുള്ള ക്ലാസ് ഒന്ന് സിവിൽ കോൺട്രാക്ടർ ജയകൃഷ്ണയുടെ വസതിയിലും മറ്റൊരു സംഘം അദ്ദേഹത്തിന്റെ അടുത്തുള്ള ഓഫിസിലും റെയ്ഡ് നടത്തി.
കാന്തരാജുവിന്റെയും രണ്ട് പങ്കാളികളുടെയും ഉടമസ്ഥതയിലുള്ള അലനഹള്ളി ഔട്ടർ റിങ് റോഡിലെ എംപ്രോ പാലസ് ഹോട്ടലിൽ പ്രത്യേക സംഘം റെയ്ഡ് നടത്തി. മാരുതിനഗറിലെ കാന്തരാജുവിന്റെ വീടും ഓഫിസും പങ്കാളികളുടെ ഓഫിസുകളും റെയ്ഡ് ചെയ്തു. റെയ്ഡുകൾ നടത്താൻ ഐ.ടി ഉദ്യോഗസ്ഥർ കുവേംപുനഗർ, അലനഹള്ളി, മൈസൂരു സൗത്ത് പൊലീസിന്റെ സഹായം തേടി.
ബംഗളൂരുവിൽ റെയ്ഡുകൾക്കായി 50ലധികം വാഹനങ്ങൾ ഉപയോഗിച്ചു. വീടുകളിലും ഓഫിസുകളിലും പരിശോധന നടത്തി. മൈസൂരുവിൽ 10 വാഹനങ്ങളിലാണ് ഉദ്യോഗസ്ഥർ എത്തിയത്. സംശയിക്കപ്പെടുന്ന സാമ്പത്തിക ക്രമക്കേടുകൾ കേന്ദ്രീകരിച്ചാണ് റെയ്ഡുകൾ നടന്നത്. ഈ ബിസിനസുകാരുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്നുള്ള നിക്ഷേപങ്ങൾ, ചെക്കുകൾ, ആർ.ടി.ജി.എസ്, എൻ.ഇ.എഫ്.ടി ഇടപാടുകൾ എന്നിവ ഉൾപ്പെടെയുള്ള പണമൊഴുക്കുകൾ അധികൃതർ ഏറെ നാളായി നിരീക്ഷിച്ചുവരുകയായിരുന്നു.റിയൽ എസ്റ്റേറ്റ്, സിവിൽ കോൺട്രാക്ടിങ്, സർക്കാർ പദ്ധതികൾ, ഇഷ്ടിക നിർമാണം, മറ്റു വാണിജ്യ സംരംഭങ്ങൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന സംരംഭകരെയാണ് അന്വേഷിക്കുന്നത്. പണവും സ്വർണാഭരണങ്ങളും രേഖകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്.
ബംഗളൂരുവിലെ ചില ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ റെയ്ഡുകൾക്ക് ഉപയോഗിച്ച വാഹനങ്ങൾ വിവാഹ ഘോഷയാത്രകൾ പോലെ അലങ്കരിച്ചിരുന്നു. വിവരങ്ങൾ ചോരാതിരിക്കാനുള്ള മുൻകരുതലായാണിത്. റെയ്ഡുകളുടെ വിശദാംശങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.