ബംഗളൂരുവിൽ പൊതുജനവും ഓട്ടോക്കാരും ചെകുത്താനും കടലിനും നടുക്ക് !
text_fieldsബംഗളൂരു നഗരത്തിലെ ഓട്ടോകൾ
ബംഗളൂരു: മഹാനഗരമായ ബംഗളൂരുവിലെ ജനങ്ങളും ഓട്ടോഡ്രൈവർമാരും ഇപ്പോൾ ചെകുത്താനും കടലിനും നടുക്കായ അവസ്ഥയാണ്. ഒെല, ഉബർ, റാപ്പിഡോ എന്നീ ആപ്പുകൾ മുഖേന ഓടുന്ന ഓൺലൈൻ ഓട്ടോ ടാക്സികൾ അനധികൃതമാണെന്ന് ഗതാഗതവകുപ്പ് കണ്ടെത്തിയിരുന്നു. ഇവ തിങ്കളാഴ്ച മുതൽ പൂർണമായും ഓട്ടം നിർത്തണമെന്ന് ഉത്തരവും നൽകി.
നിലവില്‍ കർണാടക സർക്കാർ നിശ്ചയിച്ച ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് (ആദ്യ രണ്ടു കി.മീറ്റര്‍) 30 രൂപയാണ്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപ. രാത്രി പത്തിനും പുലര്‍ച്ച അഞ്ചിനുമിടയിലുള്ള യാത്രക്ക് 50 ശതമാനം അധികനിരക്ക് ഈടാക്കും. കാത്തുനില്‍ക്കുന്നതിന് ഓരോ 15 മിനിറ്റിനും അഞ്ചു രൂപ വീതവും. എന്നാൽ ഓൺലൈൻ ഓട്ടോകൾ രണ്ട് കിലോമീറ്റർ താഴെയുള്ള ഓട്ടത്തിനും നൂറു രൂപയാണ് ഈടാക്കുക. ഇതിനാലാണ് ഇവയെ സർക്കാർ നിരോധിക്കാനൊരുങ്ങുന്നത്.
നഗരത്തിൽ നിന്ന് നേരിട്ട് വിളിക്കുന്ന ഓട്ടോകളാകട്ടെ മീറ്റർ ഇട്ട് ഓടാതെ യഥാർഥ നിരക്കിന്റെ ഇരട്ടിയിലുമധികം ഈടാക്കും.
ഇതിനാലാണ് സർക്കാർ നിശ്ചയിച്ച തുകയേക്കാൾ വാങ്ങുമെങ്കിലും താരതമ്യേന നിരക്ക് കുറവ് എന്നതിനാൽ ഓൺലൈൻ ഓട്ടോകളെ യാത്രക്കാർ ആശ്രയിക്കുന്നത്.
ഓൺലൈന്‍ കമ്പനികള്‍ക്ക് ടാക്സി സർവിസ് നടത്താന്‍ മാത്രമാണ് ലൈസന്‍സ് നല്‍കിയിരുന്നത്. ഓട്ടോറിക്ഷകള്‍ ടാക്സികളുടെ പരിധിയില്‍ വരില്ല. ഇതോടെയാണ് ഇത്തരത്തിൽ ഓട്ടം തുടർന്ന ഓൺലൈൻ ഓട്ടോകൾ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികൾ തിങ്കളാഴ്ച മുതൽ തുടങ്ങിയത്.
നൂറുകണക്കിന് ഡ്രൈവർമാർക്ക് 500 രൂപ വീതം പിഴ ലഭിച്ചു. നിരവധി ഓട്ടോകൾ ആർ.ടി.ഒ ഇൻസ്പെക്ടർമാർ പിടിച്ചെടുത്തു. എന്നാൽ നടപടിക്കിടയിലും ഓൺലൈൻ ഓട്ടോകൾ ലഭ്യമാണ്.
100 രൂപക്ക് ഓട്ടം പോയാൽ 60 രൂപയും ഓൺലൈൻ കമ്പനികൾ കമീഷനായി ഈടാക്കുകയാണെന്നും 40 രൂപ മാത്രമേ തങ്ങൾക്ക് കിട്ടുന്നുള്ളൂ എന്നുമാണ് ഡ്രൈവർമാർ പറയുന്നത്. കമ്പനികൾക്കെതിരെ നടപടിയെടുക്കാതെ തങ്ങളെ ദ്രോഹിക്കുകയാണെന്ന് ആരോപിച്ച് അവർ നഗരത്തിൽ സമരവും നടത്തി. ഏതായായും ഓൺലൈൻ ഓട്ടോകൾ നിരോധിച്ചാൽ നിലവിലുള്ള ഓട്ടോകൾക്ക് സാധാരണ യാത്രക്കാർ ഇരട്ടിയിലധികം തുക നൽകേണ്ട അവസ്ഥയിലാകും. അതേസമയം മീറ്റർ ഇട്ട് ഓട്ടോ ഓടിപ്പിക്കാനുള്ള കർശന നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

