ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി
text_fieldsബംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഇടുക്കി ഭദ്രാസനാധിപൻ സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്ത സന്ദർശിച്ചപ്പോൾ
ബംഗളൂരു: എച്ച്.സി.ജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. ആശുപത്രി അധികൃതർ അനുമതി നൽകിയതോടെ നഗരത്തിൽ എ.ഐ.സി.സി ഒരുക്കിയ താമസസ്ഥലത്ത് പകൽ സമയം കുടുംബത്തോടൊപ്പം ഉമ്മൻ ചാണ്ടി ചെലവഴിച്ചു. വൈകീട്ട് ആശുപത്രിയിൽ തിരിച്ചെത്തി.
ഇമ്യൂണോ തെറപ്പിയാണ് ചികിത്സയായി നിശ്ചയിച്ചിട്ടുള്ളത്. അതുപ്രകാരം, മൂന്നു ദിവസംമുമ്പ് ആദ്യ ഡോസ് മരുന്ന് നൽകിയിരുന്നു. ഫിസിയോതെറപ്പിയും ന്യൂട്രീഷ്യന്റെ നിർദേശപ്രകാരമുള്ള ഭക്ഷണക്രമം തുടരും. രണ്ടാഴ്ചക്കുശേഷം രണ്ടാം ഡോസ് മരുന്ന് നൽകും. ഉമ്മൻ ചാണ്ടി സന്തോഷവാനായിരിക്കുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഉമ്മൻ ചാണ്ടിയെ എച്ച്.സി.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദത്തിന് ജര്‍മനിയില്‍ നടന്ന ചികിത്സയുടെ തുടര്‍ചികിത്സയാണ് നൽകുന്നത്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഇടുക്കി ഭദ്രാസനാധിപൻ സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്ത ഉമ്മൻ ചാണ്ടിയെ താമസസ്ഥലത്ത് സന്ദർശിച്ചു.

