പൈതൃക കെട്ടിടങ്ങളുടെ കാര്യത്തിൽ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുക -എം.പി
text_fieldsയദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ എം.പി
ബംഗളൂരു: മൈസൂരുവിലെ പൈതൃക നിർമിതികളായ ദേവരാജ മാർക്കറ്റ്, ലാൻസ്ഡൗൺ കെട്ടിടം എന്നിവയുടെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനുമുള്ള ഫണ്ട് ഉടൻ അനുവദിക്കണമെന്ന് മൈസൂരു-കുടക് എം.പി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടു.
19ാം നൂറ്റാണ്ടിലെ നിർമിതികൾ പൊളിച്ചുമാറ്റി പുനർനിർമിക്കാനുള്ള നിർദേശങ്ങൾ നിരസിച്ചുകൊണ്ട് സുപ്രീം കോടതി 2026 മെയ് നാലിന് പുറത്തിറക്കിയ ഉത്തരവ് പരാമര്‍ശിച്ചു കൊണ്ടാണ് ആവശ്യം.
കെട്ടിടങ്ങൾ പുനര്‍നിർമിക്കുന്നതിന് പകരം അവ സംരക്ഷിക്കുകയും പുനഃസ്ഥാപിക്കുകയുമാണ് വേണ്ടതെന്ന് കോടതി വ്യക്തമായി നിര്‍ദേശിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി റൂർക്കി നടത്തിയ വിശദമായ സാങ്കേതിക പഠനത്തിൽ ഏകദേശം 70 ശതമാനം ഘടനകളും നന്നാക്കാനും ശക്തിപ്പെടുത്താനും കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മണ്ഡലത്തിലെ എം.പി എന്ന നിലയില്‍ സാംസ്കാരിക പൈതൃകം കാത്തു സൂക്ഷിക്കേണ്ടത് തന്റെ ചുമതലയാണ്. 2024-25ലെ സംസ്ഥാന ബജറ്റിൽ ദേവരാജ മാർക്കറ്റിന്റെ നവീകരണത്തിനായി 95 കോടി രൂപയും ലാൻസ്ഡൗൺ കെട്ടിടത്തിന്റെ പുനരുദ്ധാരണത്തിനായി 35 കോടി രൂപയും നീക്കിവെച്ചിരുന്നു. ഫണ്ട് ഉടന്‍ അനുവദിക്കുകയും മൈസൂരു സിറ്റി കോർപറേഷനോടും (എം.സി.സി) മൈസൂരു വികസന അതോറിറ്റിയോടും (എം.ഡി.എ) പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ നിർദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

