മൂന്നുകോടിയുടെ അനധികൃത സ്വത്ത്: സര്‍വേ സൂപ്പര്‍വൈസറെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു
text_fieldsബംഗളൂരു: അനധികൃത സ്വത്തിന്റെ പേരിൽ കെ.ആര് പുരം താലൂക്ക് ഓഫിസിലെ സർവേ സൂപ്പര്‍വൈസര്‍ ശ്രീനിവാസ മൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നുകോടിയിലധികം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതിന്റെ തെളിവുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ശ്രീനിവാസന്റെ അധീനതയിലുള്ള ബംഗളൂരുവിലെയും തുമകൂരുവിലെയും 14 ഇടങ്ങളിൽ ലോകായുക്ത 24 മണിക്കൂറിലേറെ നീണ്ട റെയ്ഡ് നടത്തിയിരുന്നു.
ശ്രീനിവാസന്റെ ഭാര്യയുടെയും സഹോദരിയുടെയും സഹോദരന്റെയും പേരില്‍ നിരവധി സ്വത്തുക്കളുടെ രേഖകള്‍ കണ്ടെത്തി. ഹൊസൂരില്‍ 85 ലക്ഷം രൂപ വിലമതിക്കുന്ന സ്ഥലത്തിന്റെയും കൊത്തന്നൂരില് 10 ലക്ഷം രൂപയുടെ സ്ഥലത്തിന്റെയും രേഖകള്‍ റെയ്ഡിൽ കണ്ടെത്തി. ശ്രീനിവാസന്റെ സഹോദരിയുടെയും സഹോദരന്റെയും ബംഗളൂരുവിലെ വീടുകളിലും ലോകായുക്ത റെയ്ഡ് നടത്തി. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ ശ്രീനിവാസനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയില്‍ വാങ്ങി.

