വമ്പന്മാരുടെ കെട്ടിടങ്ങളും അനധികൃതം, തൊടുന്നില്ലെന്ന് ആരോപണം: ചെറുകിടക്കാരുടേത് പൊളിച്ചുനീക്കല്‍ തുടങ്ങി
text_fieldsബംഗളൂരു: വെള്ളത്തിന്‍റെ സ്വഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയില്‍ അനധികൃതമായി നിർമിച്ച കെട്ടിടങ്ങളിൽ വമ്പൻ കമ്പനികളുടേതും രാഷ്ട്രീയക്കാരുടേതും. പൊളിച്ചുമാറ്റുന്നതിനുള്ള കെട്ടിടങ്ങളുടെ പട്ടികയിലാണ് വമ്പന്മാരുമുള്ളത്. മഹാദേവപുരയിലെ ബാഗ്മനെ ടെക്പാര്‍ക്ക്, ദൊഡ്ഡ കന്നേലിയിലെ വിപ്രോ, ബെല്ലന്ദൂരിലെ എക്കോ സ്‌പേസ്, രാമഗൊണ്ഡനഹള്ളിയിലെ കൊംബിയ ഏഷ്യ ആശുപത്രി, ചല്ലഘട്ടയിലെ അക്കാദമി തുടങ്ങിയവ ഇതില്‍ ചിലതാണ്.
അതേസമയം അനധികൃത നിര്‍മാണം നടത്തിയവര്‍ക്കെതിരെ വലുപ്പച്ചെറുപ്പമില്ലാതെ നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി ആര്‍. അശോക പറഞ്ഞു. എന്നാൽ പട്ടികയിലെ വീടുകളെ പരമാവധി ഒഴിവാക്കാന്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിര്‍ദേശം നൽകിയിരുന്നു. വന്‍കിട സ്ഥാപനങ്ങള്‍ക്കുപുറമെ ഒട്ടേറെ വീടുകളും പൊളിച്ചുനീക്കേണ്ടിവരുന്ന സാഹചര്യത്തിലാണ് നടപടി. നിരവധി പേര്‍ ഇതുസംബന്ധിച്ച പരാതികള്‍ ഉന്നയിച്ചിരുന്നു. വന്‍കിട സ്ഥാപനങ്ങളെ തൊടാതെ സാധാരണക്കാരുടെ വീടുകളും കെട്ടിടങ്ങളും തകര്‍ക്കുന്നതിനിടെ വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.
വെള്ളപ്പൊക്കം രൂക്ഷമായിരുന്ന മഹാദേവപുര, ചിപ്പനഹള്ളി, മുന്നെ കൊലാല തുടങ്ങിയ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയിരുന്നു. മറ്റു ഭാഗങ്ങളിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അനധികൃതമായി നിര്‍മിച്ച 700ഓളം കെട്ടിടങ്ങള്‍ നഗരത്തിലുണ്ടെന്നാണ് ബി.ബി.എം.പി.യുടെ കണ്ടെത്തല്‍. റെയിൻബോ ഡ്രൈവ് ലേഔട്ടില്‍ മാത്രം 30 വീടുകള്‍ക്ക് ഇതിനോടകം നോട്ടീസ് നല്‍കിയിട്ടുണ്ട്. ചെറിയ കെട്ടിടങ്ങളും താല്‍ക്കാലികമായി നിര്‍മിച്ച ഷെഡുകളും നോട്ടീസ് നല്‍കാതെയാണ് പൊളിച്ചുനീക്കുന്നത്. എന്നാൽ അനധികൃത നിര്‍മാണം നടത്തിയവരില്‍ വന്‍കിട സ്ഥാപനങ്ങളെ തൊടാത്തതിൽ വ്യാപക വിമര്‍ശനമുയർന്നിട്ടുണ്ട്.
അതേസമയം, അഴുക്കുചാലുകളിലെ അനധികൃത കൈയേറ്റമൊഴിപ്പിക്കാനുള്ള സ്പെഷൽ ഡ്രൈവിനോട് സഹകരിക്കണമെന്ന് ബാഗ്മാനെ ടെക് പാർക്കിനോടും ബി.ബി.എം.പിയോടും ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുകക്ഷികളും പരസ്പരം സഹകരിക്കാതെ ഡ്രൈവ് മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന് ലോകായുക്ത ജസ്റ്റിസ് ബി.എസ്. പാട്ടീൽ പറഞ്ഞു. ഡ്രൈവിനെതിരായ ബാഗ്മാനെ ഗ്രൂപ്പിന്‍റെ പരാതി പരിഗണിക്കവേയാണ് നിർദേശം. കെട്ടിടം പൊളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ടെക്പാർക്ക് ലോകായുക്തയെ സമീപിച്ചിരുന്നു. എന്നാൽ കെട്ടിടംപൊളിക്കൽ നിർത്തിവെക്കാൻ ലോകായുക്ത വിസമ്മതിച്ചു. പൊളിക്കലിന് മുമ്പ് നടപടികൾ പാലിക്കണമെന്ന് ബി.ബി.എം.പിയോട് ആവശ്യെപ്പട്ടിട്ടുണ്ട്. ടെക്പാർക്കിന്‍റെ പരാതിയിൽ അന്വേഷണം നടത്താൻ ബി.ബി.എം.പി എൻജിനീയർക്കും ജോയന്‍റ് കമീഷണർക്കും നിർദേശം നൽകിയിട്ടുമുണ്ട്. കേസ് ഒക്ടോബർ 11ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

