ഐ.ജി വികാസ് കുമാറിന്റെ സസ്പെൻഷൻ പിൻവലിക്കൽ; സി.എ.ടി ഉത്തരവിനെതിരെ സർക്കാർ ഹൈകോടതിയിൽ
text_fieldsവികാസ് കുമാർ വികാസ്
ബംഗളൂരു: ആർ.സി.ബിയുടെ ഐ.പി.എൽ കിരീട വരവേൽപ് ചടങ്ങിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും 56 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്ത ഐ.ജി- അഡീ.പൊലീസ് കമീഷണർ വികാസ് കുമാർ വികാസിനെ വീണ്ടും നിയമിച്ച സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ (സി.എ.ടി) ഉത്തരവിനെതിരെ കർണാടക സർക്കാർ ബുധനാഴ്ച ഹൈകോടതിയെ സമീപിച്ചു.
സംസ്ഥാനത്തിന്റെ നടപടി ‘മെക്കാനിക്കൽ’ ആണെന്നും കാര്യമായ കാരണങ്ങളില്ലെന്നും വിശേഷിപ്പിച്ച് ചൊവ്വാഴ്ച ട്രൈബ്യൂണൽ വികാസിന്റെ സസ്പെൻഷൻ റദ്ദാക്കിയിരുന്നു. സസ്പെൻഷനെ ന്യായീകരിക്കുന്നതിന് ബോധ്യപ്പെടുത്തുന്ന തെളിവുകൾ ഹാജരാക്കുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടുവെന്നാണ് ജസ്റ്റിസ് ബി.കെ. ശ്രീവാസ്തവയും ജസ്റ്റിസ് സന്തോഷ് മെഹ്റയും ഉൾപ്പെട്ട ട്രൈബ്യൂണലിന്റെ ബംഗളൂരു ബെഞ്ച് വിധിച്ചത്.
മതിയായ തെളിവുകളോ കാരണങ്ങളോ ഇല്ലാതെയാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതെന്നും ബോധ്യപ്പെടുത്തുന്ന കാര്യങ്ങളുടെ അടിസ്ഥാനമാക്കിയുള്ളതല്ല സസ്പെൻഷൻ ഉത്തരവെന്നും നിരീക്ഷിച്ച ട്രൈബ്യൂണൽ, വികാസിനെ ഉടൻ തിരിച്ചെടുക്കാൻ സംസ്ഥാനത്തോട് നിർദേശിച്ചിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ കർണാടക ഹൈകോടതിയിൽ ഒരു റിട്ട് ഹരജി ഫയൽ ചെയ്തത്.
സംഭവത്തിൽ പൂർണമായ വകുപ്പുതല അന്വേഷണത്തിന്റെ ആനുകൂല്യമില്ലാതെ തീരുമാനങ്ങൾ എടുക്കുന്നതിലൂടെ സി.എ.ടി അതിന്റെ അധികാരപരിധി ലംഘിച്ചുവെന്ന് സർക്കാർ വാദിച്ചു. ട്രൈബ്യൂണലിന്റെ ന്യായവാദം ‘വികൃതം’ ആണെന്നും സസ്പെൻഷൻ സംബന്ധിച്ച സ്ഥാപിത നിയമ തത്ത്വങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
കർണാടക പൊലീസ് മാന്വലിൽ നിന്നുള്ള ഭാഗങ്ങളും ജൂൺ മൂന്ന്, നാല് തീയതികളിലെ സംഭവങ്ങളുടെ വിശദമായ കാലഗണനയും ഉൾപ്പെടെയുള്ള ഗണ്യമായ പിന്തുണ രേഖകൾ മുദ്രവെച്ച കവറിൽ ട്രൈബ്യൂണലിൽ സമർപ്പിച്ചുവെന്നും അത് ശരിയായി പരിഗണിച്ചിട്ടില്ലെന്നും സർക്കാർ ആരോപിച്ചു.
‘സസ്പെൻഷനെ ന്യായീകരിക്കുന്ന രേഖകൾ രേഖപ്പെടുത്തിയിട്ടും, അത് ശരിയായി വിലയിരുത്തുന്നതിൽ ട്രൈബ്യൂണൽ പരാജയപ്പെട്ടെന്ന് സർക്കാർ വാദിച്ചു. മജിസ്റ്റീരിയൽ അന്വേഷണവും ഏകാംഗ കമീഷന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനം ഇതിനകം അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാറിന്റെ നിർദേശപ്രകാരം ആരംഭിച്ച വകുപ്പുതല അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ജൂൺ 30ന് ഈ വിവരങ്ങൾ ട്രൈബ്യൂണലിനെ വാമൊഴിയായി അറിയിച്ചിരുന്നെങ്കിലും അന്തിമ വിധിന്യായത്തിൽ അത് അവഗണിക്കപ്പെട്ടുവെന്ന് സർക്കാർ അവകാശപ്പെട്ടു.
തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ച സംഭവത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട മറ്റ് നാല് ഉദ്യോഗസ്ഥരായ ബി. ദയാനന്ദ, ശേഖർ എച്ച്. ടെക്കണ്ണവർ, സി. ബാലകൃഷ്ണ, എ.കെ. ഗിരീഷ് എന്നിവരെക്കുറിച്ചുള്ള ട്രൈബ്യൂണലിന്റെ പരാമർശങ്ങളെയും സർക്കാർ ഹരജിയിൽ ചോദ്യം ചെയ്തു.
ഈ ഉദ്യോഗസ്ഥർ തങ്ങളുടെ സസ്പെൻഷനെ ചോദ്യം ചെയ്തിട്ടില്ലെന്നും ട്രൈബ്യൂണലിന് മുമ്പാകെയുള്ള കേസിൽ കക്ഷികളല്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. അതേസമയം, സംസ്ഥാന സർക്കാറിന്റെ ഹരജിയിൽ ഹൈകോടതി ഇതുവരെ വാദം കേൾക്കാൻ തീരുമാനിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

