സൗഹൃദ വേദിയായി ഇഫ്താർ സംഗമങ്ങൾ
text_fieldsബംഗളൂരു: റമദാനിൽ പ്രവാസി മലയാളി സംഘടനകളുടെയും കൂട്ടായ്മകളുടെയും മതസംഘടനകളുടെയും നേതൃത്വത്തിൽ വിവിധ ദിവസങ്ങളിൽ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിക്കും. സമൂഹ നോമ്പുതുറ എന്നതിലപ്പുറം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സംഗമവേദികൂടിയാണ് ഇത്തരം ഇഫ്താർ സംഗമങ്ങൾ. പ്രഭാഷണങ്ങളും പഠനക്ലാസുകളും വിവിധ സംഗമങ്ങളിൽ ഒരുക്കും.
റമദാൻ സംഗമം എട്ടിന്
ബംഗളൂരു: റമദാൻ സംഗമം മാർച്ച് എട്ടിന് പാലസ് ഗ്രൗണ്ടിലെ ശീഷ് മഹലിൽ നടക്കും. ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ സംഗമത്തിൽ പങ്കെടുക്കും. ‘തണലാണ് കുടുംബം’ എന്ന പേരിൽ സംഘടിപ്പിച്ചുവരുന്ന കാമ്പയിനിന്റെ സമാപന സമ്മേളനം കൂടിയായ സംഗമത്തിൽ പ്രമുഖ പ്രഭാഷകൻ പി.എം.എ. ഗഫൂർ, ആരാമം മാസിക എഡിറ്റർ പി. റുക്സാന എന്നിവർ പങ്കെടുക്കും. പ്രദർശന സ്റ്റാളുകൾ, പ്രഭാഷണം, ഇഫ്താർ വിരുന്ന്, കാലിഗ്രഫി എക്സിബിഷൻ എന്നിവയുമുണ്ടാകും. ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന പരിപാടി രാത്രി തറാവിഹ് നമസ്കാരത്തോടെ സമാപിക്കും.
ബാംഗ്ലൂർ ഇസ്ലാഹി സെന്റർ ഇഫ്താർ മീറ്റ് ഒമ്പതിന്
ബംഗളൂരു: ബാംഗ്ലൂർ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ വർഷംതോറും സംഘടിപ്പിക്കുന്ന ഇഫ്താർ മീറ്റ് ഞായറാഴ്ച നടക്കും. ഇസ്ലാമിക വിജ്ഞാനം പ്രചരിപ്പിക്കുന്നതിനൊപ്പം സമൂഹ നോമ്പുതുറ, വിജ്ഞാന സദസ്സ്, പുസ്തക മേള എന്നിവ ഉൾപ്പെടുത്തി ആസൂത്രണം ചെയ്ത പരിപാടി വിവിധ പ്രഭാഷണങ്ങളുടെയും പഠന സെഷനുകളുടെയും വേദിയാകും. പ്രമുഖ പ്രഭാഷകരായ റഷീദ് കുട്ടമ്പൂർ, ബിലാൽ കൊല്ലം, അബ്ദുൽ അഹദ് സലഫി, നിസാർ സ്വലാഹി എന്നിവർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 99000 01339 നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
60 കേന്ദ്രങ്ങളിൽ ഗ്രാൻഡ് ഇഫ്താർ സംഗമം
ബംഗളൂരു: റമദാൻ ഇരുപത്തൊന്നാം രാവിൽ ഖുദ്ദൂസ് സാഹിബ് ഈദ് ഗാഹിൽ നടക്കുന്ന ഗ്രാൻഡ് റൂഹാനി ഇജ്തിമാഇന്റെ പ്രചാരണാർഥം ബംഗളൂരുവിൽ അറുപതിലധികം കേന്ദ്രങ്ങളിൽ ശനിയാഴ്ച ഗ്രാൻഡ് ഇഫ്താർ സംഗമം നടക്കും.
മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് എന്നിവയുടെ യൂനിറ്റ് കേന്ദ്രീകരിച്ചും എസ്.എം.എ, എസ്.ജെ.എം, എസ്.ജെ.യു സംഘടനകളുടെ നേതൃത്വത്തിൽ മദ്റസ, പള്ളികൾ കേന്ദ്രീകരിച്ചും ആണ് നോമ്പുതുറ സംഘടിപ്പിക്കുന്നത്. ഓരോ കേന്ദ്രങ്ങളിലും പൗരപ്രമുഖരും ബഹുജനങ്ങളും സംബന്ധിക്കും. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഗ്രാൻഡ് റൂഹാനി ഇജ്തിമാഇന് നേതൃത്വം നൽകും.
ഇഫ്താർ മീറ്റും സ്നേഹ സംഗമവും ഇന്ന്
ബംഗളൂരു: ആക്കോട് ഇസ്ലാമിക് സെന്റർ ബംഗളൂരു ചാപ്റ്റർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇഫ്താർ മീറ്റും സ്നേഹസംഗമവും വ്യാഴാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് ജെ.സി നഗർ അസ്ലം പാലസിൽ നടക്കുന്ന പരിപാടിയിൽ മുസ്തഫ ഹുദവി ആക്കോട് മുഖ്യാതിഥിയാവും. സ്ത്രീകൾക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഐ.എം.സി.സി ഇഫ്താർ സംഗമം
ബംഗളൂരു: ഐ.എം.സി.സി കർണാടക സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച ബംഗളൂരു ശിവാജി നഗർ ഇംപീരിയൽ ഹാളിൽ സൗഹൃദ സംഗമവും ഇഫ്താർ സംഗമവും സംഘടിപ്പിക്കും. ഐ.എൻ.എൽ ദേശീയ അധ്യക്ഷൻ പ്രഫ. സുലൈമാൻ, സംസ്ഥാന നേതാക്കളായ അഹമദ് ദേവർകോവിൽ എം.എൽ.എ, കാസിം ഇരിക്കൂർ, നാഷനൽ വുമൻസ് ലീഗ് പ്രസിഡന്റ് തസ്നീം ഇബ്രാഹിം തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

