കുമാരസ്വാമി ഇരട്ട സീറ്റിൽ മത്സരിച്ചാൽ സുമലതയെ രംഗത്തിറക്കാൻ ബി.ജെ.പി
text_fieldsഎച്ച്.ഡി. കുമാരസ്വാമി, സുമലത
ബംഗളൂരു: പ്രതിപക്ഷ പാർട്ടി നേതാക്കളുടെ മണ്ഡലങ്ങളിൽ മത്സരം കടുപ്പിക്കുന്ന ബി.ജെ.പി, എച്ച്.ഡി. കുമാരസ്വാമിക്കെതിരെ സുമലത എം.പിയെ രംഗത്തിറക്കാൻ സാധ്യത.
നിലവിൽ രാമനഗരയിലെ ചന്നപട്ടണയിൽനിന്ന് മത്സരിക്കുന്ന കുമാരസ്വാമിക്കെതിരെ പഴയ ജെ.ഡി-എസ് നേതാവ് കൂടിയായ സി.പി. യോഗേശ്വറിനെയാണ് ബി.ജെ.പി നിർത്തിയിരിക്കുന്നത്. എന്നാൽ, രണ്ടാം സീറ്റായി മാണ്ഡ്യയിലും കുമാരസ്വാമി മത്സരിക്കാൻ നീക്കം നടത്തുന്നതിനിടെ പ്രതികരണവുമായി മാണ്ഡ്യ എം.പി സുമലത രംഗത്തുവരുകയായിരുന്നു.
ബി.ജെ.പി ആവശ്യപ്പെട്ടാൽ നിയമസഭ തെരഞ്ഞെടുപ്പിൽ കുമാരസ്വാമിക്കെതിരെ മത്സരിക്കുമെന്ന് അവർ പറഞ്ഞു. ഞായറാഴ്ച രാത്രി ബി.ജെ.പിയുടെ മുതിർന്ന നേതാവ് സുമലതയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സുമലതയുടെ മകൻ അഭിഷേകിനെ മാണ്ഡ്യ സീറ്റിൽ നിർത്തിയേക്കുമെന്ന അഭ്യൂഹം സുമലത തള്ളി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണയോടെ സ്വതന്ത്രയായി മത്സരിച്ച സുമലത ജെ.ഡി-എസ് സ്ഥാനാർഥിയായിരുന്ന നിഖിൽ കുമാരസ്വാമിയെ പരാജയപ്പെടുത്തിയിരുന്നു.
പ്രതിപക്ഷ പാർട്ടി നേതാക്കളായ ഡി.കെ. ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെയും മണ്ഡലങ്ങളായ കനകപുരയിലും വരുണയിലും ബി.ജെ.പി ഇരട്ട സീറ്റ് നൽകി യഥാക്രമം ആർ. അശോകയെയും വി. സോമണ്ണയെയും നിയോഗിച്ചിരുന്നു. ഈ സീറ്റുകളിൽ മത്സരം കടുപ്പിക്കുകയാണ് ലക്ഷ്യം. ബി.ജെ.പി സ്ഥാനാർഥികൾ തോറ്റാലും അവർക്ക് സുരക്ഷിതമായി മറ്റു മണ്ഡലങ്ങൾ നൽകിയിട്ടുമുണ്ട്.
മത്സരം കടുപ്പിക്കുന്നതോടെ പ്രതിപക്ഷ നേതാക്കളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അവരവരുടെ മണ്ഡലങ്ങളിൽ തളച്ചിടാനാവുമെന്നും ഇത് മറ്റിടങ്ങളിലെ പ്രതിപക്ഷ പ്രചാരണത്തെ ദോഷകരമായി ബാധിക്കുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

