പുതിയ ഇനം ഞാവൽപ്പഴങ്ങൾ വികസിപ്പിച്ചെടുത്ത് ഐ.സി.എ.ആര്, ഐ.ഐ.എച്ച്.ആര്
text_fieldsബംഗളൂരു: ഇന്ത്യൻ കൗൺസിൽ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്(ഐ.സി.എ.ആര്), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടി കള്‍ച്ചറല്‍ റിസര്‍ച്(ഐ.ഐ.എച്ച്.ആര്) എന്നിവ സംയുക്തമായി ഞാവല്‍പ്പഴത്തിന്റെ പുതിയ ഇനങ്ങള്‍ വികസിപ്പിച്ചെടുത്തു. കര്‍ണാടക തുമകൂരുവിലെ പാവ്ഗഡയിൽ കണ്ടു വരുന്ന ആദ്യ ഇനത്തിന് നെരന്തര എന്നാണ് പേര് നല്‍കിയത്.
പാവ്ഗഡയിലെ കര്‍ഷകന്റെ കൃഷിയിടത്തിലാണ് ഈ ഇനമുള്ളത്. ഇത്തരത്തിലുള്ള ഒരു മരം മാത്രമേയുള്ളൂ സംസ്ഥാനത്ത് എന്നതാണ് അപൂർവത. മധുരം, വിത്ത്, ഘടന എന്നിവയുടെ കാര്യത്തില്‍ ഇവ മറ്റുള്ള ഞാവല്പ്പഴത്തില്നിന്നും തികച്ചും വ്യത്യസ്തമാണ്. ഇപ്പോൾ പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേര്‍ഴ്സ് റൈറ്റ്സ് അതോറിറ്റി (പി.പി.വി.എഫ്.ആര്.എ) യുടെ കീഴില്‍ സംരക്ഷിച്ചുവരുകയാണ് ഞാവൽ മരം. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വികസിപ്പിച്ചെടുത്ത രണ്ടാമത്തെ ഇനത്തെ ഐ.ഐ.എച്ച്.ആര് -ജെ.ഐ എന്നാണ് പേര് നല്‍കിയതെന്ന് (ഐ.സി.എ.ആര്- ഐ.ഐ.എച്ച്.ആര് പ്രിന്‍സിപ്പല്‍ ശാസ്ത്രജ്ഞന് ഡോ.ജി. കരുണാകരന് പറഞ്ഞു. വലുപ്പമാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഓരോ പഴത്തിനും 23 മുതല്‍ 24 ഗ്രാം വരെ ഭാരമുണ്ട്. ഓരോ മരവും ഏകദേശം 100 കിലോ ഗ്രാം പഴം നല്‍കും.
എന്‍.സി പട്ടേല്‍ എന്ന കര്ഷകൻ വികസിപ്പിച്ച മൂന്നിനം ഞാവല്പ്പഴങ്ങളായ പട്ടേല്‍ ജംബോ, പട്ടേല്‍ സമൃദ്ധി, പട്ടേല്‍ അകല് എന്നിവയാണ് മറ്റു ഞാവൽപ്പഴ ഇനങ്ങൾ. 2005 മുതല്‍ പുതിയ മൂന്നിനങ്ങള്‍ താന്‍ കൃഷിയിടത്തില്‍ വളര്‍ത്തുന്നെന്ന് പട്ടേല്‍ പറഞ്ഞു. ഓരോ ഇനത്തിലും 150 മുതല്‍ 200 വരെ ചെടികള്‍ കൃഷിയിടത്തിൽ വളരുന്നുണ്ട് എന്നും പട്ടേല്‍ പറയുന്നു. ഇവക്ക് പുറമേയാണ് പുതിയ ഇനങ്ങളുടെ കണ്ടുപിടിത്തം. പുതിയ ഇനങ്ങളുടെ പേറ്റന്റ്, രജിസ്ട്രേഷന് നടപടികള്‍ എന്നിവ പുരോഗതിയിലാണ്. കര്‍ണാടകയില്‍ ഇതിനോടകം വിവിധതരം ഞാവല്‍പ്പഴങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
അവയില്‍ പ്രമുഖമായതാണ് വടക്കന്‍ കര്‍ണാടകയില്‍നിന്നുള്ള ദുപ്തല് ഇനത്തിലുള്ള ഞാവല്‍പ്പഴം, സിദ്ധാമണി ഞാവല്‍പ്പഴം, കൂടാതെ ബാഗല്ക്കോട്ടുനിന്നുള്ള രണ്ടിനങ്ങളും. മറ്റു പഴങ്ങളില്‍നിന്നും വ്യത്യസ്തമായി ഞാവല്‍പ്പഴം അവ വളരുന്ന മണ്ണ്, കാലാവസ്ഥാ വ്യതിയാനങ്ങള്‍, പരിസ്ഥിതി, ജീന്‍ പൂള്, കാര്‍ഷിക രീതി എന്നിവയനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. കേരളം, ആന്ധ്രപ്രദേശ്, തമിഴ് നാട് എന്നിവിടങ്ങളില്‍നിന്നാണ് കര്‍ണാടകയിലെ ഞാവല്‍പ്പഴ വിപണിയുടെ നല്ലൊരു ശതമാനവും വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

