എച്ച്.ഡബ്ല്യു.എ സ്കോളർഷിപ് വിതരണം
text_fieldsബംഗളൂരു: 2023-24 വർഷങ്ങളിലേക്കുള്ള എച്ച്.ഡബ്ല്യു.എ സ്കോളർഷിപ് ഒന്നാം ഘട്ട വിതരണം ജമാഅത്തെ ഇസ്ലാമി കേരള അമീർ മുജീബ് റഹ്മാൻ നിർവഹിച്ചു. പുതുതായി സ്ഥാനമേറ്റെടുത്ത കേരള സംസ്ഥാന നേതാക്കൾക്ക് ബംഗളൂരുവിൽ നൽകിയ സ്വീകരണ ചടങ്ങിലാണ് സ്കോളർഷിപ് വിതരണം ചെയ്തത്. അർഹരായ 180 വിദ്യാർഥികളെയാണ് അപേക്ഷകളിൽനിന്ന് തിരഞ്ഞെടുത്തത്. സകാത്ത് ഫണ്ടിൽനിന്ന് 25 ലക്ഷം രൂപയും കലക്ഷൻ ഡ്രൈവിലൂടെ 10 ലക്ഷം രൂപയും സമാഹരിച്ചാണിത്.
35 ലക്ഷം രൂപയുടെ സ്കോളർഷിപ് ഈ വർഷം വിതരണം ചെയ്യും. വിദ്യാർഥികൾക്ക് അവരുടെ വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെ പിന്തുണ നൽകുന്നതിനൊപ്പം മാർഗനിർദേശവും കരിയർ ഗൈഡൻസും നൽകുന്നു.
എച്ച്.ഡബ്ല്യു.എ സ്കോളർഷിപ് കരസ്ഥമാക്കി പഠനം പൂർത്തീകരിച്ച് വിവിധ മേഖലകളിലെത്തിയ പൂർവ വിദ്യാർഥികൾ അനുഭവങ്ങൾ പങ്കുവെച്ചു. ഹിറ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ ഹസൻ പൊന്നൻ, ജമാഅത്തെ ഇസ്ലാമി കേരള ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ്, സംസ്ഥാന സമിതി അംഗം എൻ.എം. അബ്ദുറഹ്മാൻ, മേഖല നാസിം യു.പി. സിദ്ദീഖ്, ബംഗളൂരു മേഖല പ്രസിഡന്റ് റഹീം കോട്ടയം, ഷമീർ മുഹമ്മദ്, അനൂപ് തുടങ്ങിയവർ സംസാരിച്ചു.

