ഭാര്യയെ മർദിച്ചു കൊന്നു; യുവാവ് അറസ്റ്റിൽ
text_fieldsമംഗളൂരു: ബണ്ട്വാളിലെ വാഗ്ഗയില്‍ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ യുവതി മരിച്ചു. ബണ്ട്വാള്‍ റൂറല്‍ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ബാഗൽകോട്ട് ജില്ലയിലെ ജാംഖണ്ഡി നിവാസിയായ സഞ്ജീവ്കുമാറിന്റെ (36) ഭാര്യ സുനിത മഹാദേവ് ദേശാംഗിയാണ് (34) മരിച്ചത്. ബണ്ട്വാളിലെ വാഗ്ഗയിലാണ് ദമ്പതികളാണ് താമസിച്ചിരുന്നത്.മരിച്ച യുവതിയുടെ സഹോദരൻ ബെലഗാവി ജില്ലയിലെ അത്താണി സ്വദേശിയായ അരുൺ മഹാദേവ് ദേശാംഗി (26) നൽകിയ പരാതിയിൽ പൊലീസ് സഞ്ജീവ് കുമാറിനെ അറസ്റ്റ് ചെയ്തു.
സുനിതയും ഭർത്താവും തമ്മിൽ ദാമ്പത്യ തർക്കങ്ങൾ ഉടലെടുത്തിരുന്നുവെന്നും ബന്ധുക്കൾ ഇടപെട്ട് അനുരഞ്ജനത്തിലൂടെ വ്യത്യാസങ്ങൾ പരിഹരിച്ചുവെന്നും പരാതിയിൽ പറയുന്നു. പ്രസവശേഷം സുനിത മാതാപിതാക്കളുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഒക്ടോബർ നാലിന് ഭർത്താവ് അവരെ ബണ്ട്വാളിലുള്ള അവരുടെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു. ഒക്ടോബർ 22 ന് സുനിത സഹോദരനെ വിളിച്ച് ഭർത്താവ് തന്നെ ഉപദ്രവിക്കുകയും ആക്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് അറിയിച്ചു.
ഒക്ടോബർ 23 ന് സഞ്ജീവ്കുമാർ പരാതിക്കാരനെ വിളിച്ച് സുനിതയുടെ ആരോഗ്യം വഷളമായതായും അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണെന്നും അറിയിച്ചു. അരുൺ എത്തി സഹോദരിയെ നോക്കിയപ്പോൾ അവൾ മരിച്ചതായി കണ്ടെത്തി. മൃതദേഹത്തിൽ മർദനം മൂലമുണ്ടായതായി കരുതുന്ന മുറിവുകളും രക്തത്തിന്റെ അംശവും ഉണ്ടായിരുന്നു.

