എയ്റോ ഇന്ത്യ, ആഗോള നിക്ഷേപ സംഗമം: ഹോട്ടൽ നിരക്കുകളിൽ ജെറ്റ് വർധന
text_fieldsബംഗളൂരു: പ്രതിരോധ മന്ത്രാലയം സംഘടിപ്പിക്കുന്ന എയ്റോ ഇന്ത്യ ആകാശക്കാഴ്ചകൾക്കും സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിക്കും ബംഗളൂരു ഒരുങ്ങിനിൽക്കെ ഹോട്ടൽ നിരക്കുകളിൽ ജെറ്റ് വർധന. രണ്ട് പരിപാടികൾക്കുമായി ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശങ്ങളിൽനിന്നുമുള്ള ആയിരക്കണക്കിനാളുകളെത്തുന്ന സാഹചര്യം മുതലെടുത്താണിത്.
നഗരത്തിലുടനീളമുള്ള ഹോട്ടൽ ബുക്കിങ്ങുകളിൽ ഗണ്യമായ വർധനയുണ്ടായി. ആന്ധ്രാപ്രദേശിലെ ദേവനഹള്ളി, അനന്തപുർ തുടങ്ങിയ ബംഗളൂരുവിന് സമീപ പ്രദേശങ്ങളിലും ഹോട്ടലുകളും ലോഡ്ജുകളും ബുക്ക് ചെയ്യുന്നുണ്ട്. ബംഗളൂരുവിലെ ഹോട്ടൽ മുറികളുടെ നിരക്കുകൾ 15 ശതമാനം വർധിപ്പിച്ചു. നിരവധി ഹോട്ടലുകളും ലോഡ്ജുകളും ഇതിനകംതന്നെ ബുക്കിങ് പൂർത്തിയായി.
സ്റ്റാർ റേറ്റഡ് ഹോട്ടലുകളിലെ മുറികളുടെ നിരക്ക് നിലവിലുള്ള 15,000 രൂപയിൽനിന്നാണ് 15 ശതമാനം വരെ ഉയർത്തുന്നത്. ദേവനഹള്ളി, ചിക്കബെല്ലാപുർ, അയൽ സംസ്ഥാനമായ ആന്ധ്രപ്രദേശിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിലും ഹോട്ടൽ മുറി നിരക്കുകൾ വർധിച്ചു. ബംഗളൂരു നഗരപരിധിക്കപ്പുറത്തേക്ക് ഹോട്ടൽ മുറികളുടെ ആവശ്യം വർധിച്ചിട്ടുണ്ടെന്ന് ബംഗളൂരു ഹോട്ടൽസ് ആൻഡ് റസ്റ്റാറന്റ്സ് അസോസിയേഷൻ സെക്രട്ടറി വീരേന്ദ്ര കാമത്ത് പറഞ്ഞു.
യെലഹങ്ക വ്യോമസേന സ്റ്റേഷൻ, കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലെ റെസ്റ്റാറന്റുകളും ഒരുങ്ങുകയാണ്. പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവരെ ആകർഷിക്കുന്നതിനായി പ്രത്യേക ഓഫറുകൾ, ഇഷ്ടാനുസൃതം ഭക്ഷണ വിഭവങ്ങൾ, പ്രൊമോഷനൽ പാക്കേജുകൾ എന്നിവ അവതരിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

