വിജയപുരയിൽ ദുരഭിമാനക്കൊല: പെൺകുട്ടിയുടെ പിതാവും അമ്മാവനും അറസ്റ്റിൽ
text_fieldsബംഗളൂരു: വിജയപുര ദുരഭിമാനക്കൊലപാതകത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബാഗൽകോട്ടിലെ ഹാദരിഹാല വില്ലേജിൽ കൃഷ്ണ നദിക്കരയിലായിരുന്നു മൃതദേഹം കിടന്നത്. യുവാവിന്റെ മൃതദേഹം മാതാപിതാക്കൾ തിരിച്ചറിഞ്ഞു. വിജയപുര തിക്കോട്ട പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കേസിൽ പെൺകുട്ടിയുടെ പിതാവും അമ്മാവനും അറസ്റ്റിലായി. കാണാതായ പെൺകുട്ടിക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. പെൺകുട്ടി ജീവനോടെയിരിപ്പുണ്ടോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും പ്രാഥമിക അന്വേഷണപ്രകാരം, പെൺകുട്ടി കൊല്ലപ്പെട്ടിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും പൊലീസ് പറഞ്ഞു.
ബിരുദവിദ്യാർഥിയായ മല്ലികാർജുൻ പന്ത്രണ്ടാം ക്ലാസുകാരിയായ പെൺകുട്ടിയുമായി പ്രണയത്തിലാവുകയും ഇരുവരും തമ്മിൽ കാണുന്നത് പതിവാക്കുകയും ചെയ്തിരുന്നു. എന്നാൽ, സംഭവമറിഞ്ഞ പെൺകുട്ടിയുടെ കുടുംബം ഇരുവർക്കും താക്കീത് നൽകി. യുവാവുമായി ബന്ധം തുടരരുതെന്ന് പെൺകുട്ടിയെ വിലക്കുകയും ചെയ്തു. യുവാവിനും അവർ മുന്നറിയിപ്പ് നൽകി. എന്നാൽ, ഭീഷണി വകവെക്കാതെ ഇരുവരും തമ്മിൽ കൂടിക്കാഴ്ച തുടർന്നു.
സെപ്റ്റംബർ 23ന് ഇരുവരും വീട്ടിൽ തിരിച്ചെത്തിയില്ല. ഇരുവരും ഒളിച്ചോടിയിരിക്കാമെന്നാണ് യുവാവിന്റെ കുടുംബം കരുതിയത്. യുവാവിനെ കാണാനില്ലെന്ന് കാണിച്ച് അവർ തിക്കോട്ട പൊലീസിൽ പരാതി നൽകുകയും ചെയ്തു. അന്വേഷണം നടത്തിയ പൊലീസ് യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതോടെ പെൺകുട്ടിയുടെ വീട്ടുകാർ മകനെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് യുവാവിന്റെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

