തീര ജില്ലകളിലെ വർഗീയ വിരുദ്ധസേന സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി
text_fieldsജി. പരമേശ്വര
ബംഗളൂരു: തീരദേശ ജില്ലകളിലെ വർഗീയ കലാപങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിനായി പ്രഖ്യാപിച്ച വർഗീയ വിരുദ്ധ സേന സംസ്ഥാനത്തെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര ബുധനാഴ്ച ബംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു.
വർഗീയ സ്വഭാവമുള്ള സദാചാര പൊലീസിങ് സംഭവങ്ങളും വർഗീയ വിരുദ്ധ സേനകളെ ഏൽപിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിലെ വർഗീയ കലാപങ്ങൾ പരിഹരിക്കുന്നതിനും ലഘൂകരിക്കുന്നതിനുമായി ആന്റി-നക്സൽ ഫോഴ്സിന്റെ (എ.എൻ.എഫ്) മാതൃകയിൽ വർഗീയ വിരുദ്ധ സേന സ്ഥാപിക്കുമെന്ന് ആഭ്യന്തരമന്ത്രി ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. പലയിടത്തും ധ്രുവീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അവ അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ നിർദേശം സമർപ്പിക്കാൻ പൊലീസ് ഡയറക്ടർ ജനറലിനോട് ആവശ്യപ്പെട്ടിരുന്നു. അവർ നിർദേശം അയച്ചതായാണ് ലഭിച്ച വിവരം. ഞങ്ങൾ അത് പരിശോധിച്ച് സർക്കാർ തലത്തിൽ അംഗീകരിക്കും.
തുടക്കത്തിൽ രണ്ട് ജില്ലകൾക്കായാണ് വർഗീയ വിരുദ്ധസേന പ്രഖ്യാപിച്ചത്. സാമുദായിക പ്രശ്നങ്ങൾ ഉള്ള ഏത് ജില്ലയിലേക്കും ഇത് വ്യാപിപ്പിക്കും. സദാചാര പൊലീസിങ്ങിനെ വർഗീയ വിരുദ്ധ ശക്തിയായി കണക്കാക്കുമോ എന്ന ചോദ്യത്തിന്, വർഗീയ സ്വഭാവമുള്ളതോ വർഗീയ പ്രശ്നങ്ങളിൽ കലാശിക്കുന്നതോ ആണെങ്കിൽ തീർച്ചയായും അത് വർഗീയ വിരുദ്ധ സേനയെ ഏൽപിക്കും എന്ന് മന്ത്രി പ്രതികരിച്ചു.
സംസ്ഥാനത്ത് മാവോവാദി പ്രവർത്തനങ്ങൾ കുറഞ്ഞതിനെത്തുടർന്ന് എണ്ണം കുറക്കുന്ന എ.എൻ.എഫിലെ ഉദ്യോഗസ്ഥരും മറ്റു പൊലീസ് ഉദ്യോഗസ്ഥരും വർഗീയ വിരുദ്ധ സേനയുടെ ഭാഗമാകുമെന്നും അവർ പ്രാദേശിക നിയമ നിർവഹണ ഏജൻസികളുമായി ഏകോപനത്തോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

