ഹിറാ മോറൽ സ്കൂൾ കോൺവൊക്കേഷൻ സമാപിച്ചു
text_fieldsബംഗളൂരു: ഹിറാ മോറൽ സ്കൂൾ (എച്ച്.എം.എസ്) നാലാം കോൺവൊക്കേഷൻ ചടങ്ങ് ബംഗളൂരു ശുഭമംഗള ഹാളിൽ നടന്നു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളജ് എം.ഡിയുമായ റാഷിദ് ഗസ്സാലി ഉദ്ഘാടനം നിർവഹിച്ചു. ‘പാരന്റിങ് വിത്ത് പർപ്പസ്- റൈസിങ് കോൺഫിഡന്റ് കിഡ്’ എന്ന വിഷയത്തിൽ അദ്ദേഹം സംവദിച്ചു.
കേരള മദ്റസ എജുക്കേഷൻ ബോർഡ് ഏഴാം ക്ലാസ് പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു. ജമാഅത്തെ ഇസ്ലാമി കേരള ശൂറ അംഗം നഹാസ് മാള മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസം, സമഗ്ര വ്യക്തിത്വ വളർച്ച, സമൂഹ ശ്രേഷ്ഠത തുടങ്ങിയ വിഷയങ്ങളിലധിഷ്ഠിതമായി അദ്ദേഹം സംസാരിച്ചു.
ബംഗളൂരുവിൽ നടന്ന ഹിറാ മോറൽ സ്കൂൾ നാലാം കോൺവൊക്കേഷൻ ചടങ്ങിൽനിന്ന്
എച്ച്.എം.എസ് ഹിഫ്ള് അക്കാദമിയിൽനിന്ന് ഖുർആൻ പഠനം പൂർത്തിയാക്കിയ അർഷൻ അഹമദിനെ ചടങ്ങിൽ ആദരിച്ചു. നാടൻ കളികളും വിനോദങ്ങളുംകൊണ്ട് വൈവിധ്യമാർന്ന ‘കളിമുറ്റം’ പരിപാടിയിൽ എച്ച്.എം.എസ് ഓൺലൈൻ, ഓഫ്ലൈൻ കേന്ദ്രങ്ങളിൽനിന്നായി 300ലധികം വിദ്യാർഥികൾ പങ്കെടുത്തു. വിവിധ മദ്റസകളിൽനിന്നുള്ള വിദ്യാർഥികൾ അവതരിപ്പിച്ച ഖുർആൻ സ്പോർട്ട് ലൈറ്റ്, കോൽക്കളി, മൈം, അറബിക് ഡാൻസ് തുടങ്ങിയ കലാപരിപാടികൾ ചടങ്ങിന് മോടികൂട്ടി. ഖുർആൻ പാരായണം അടിസ്ഥാനമാക്കി അന്താക്ഷരി എച്ച്.എം.എസ് ഹിഫ്ള് അക്കാദമി വിദ്യാർഥികൾ അവതരിപ്പിച്ചു.
ഓൺലൈൻ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വാർഷിക സംഘമമായ ‘മുലാഖാത്തി’ൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നും ഗൾഫ്, യു.കെ, നോർത്ത് അമേരിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുമുള്ള നിരവധി വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു.
ജമാഅത്തെ ഇസ്ലാമി ബംഗളൂരു സിറ്റി പ്രസിഡന്റ് ഷമീർ മുഹമ്മദ് അധ്യക്ഷത വഹിച്ചു, ജമാഅത്തെ ഇസ്ലാമി മേഖല നാസിം യു.പി. സിദ്ദീഖ്, എച്ച്.എം.എസ് അക്കാദമിക് ഡയറക്ടർ ഷബീർ മുഹ്സിൻ, സെക്രട്ടറി സാജിദ് ടി.കെ, അഡ്വ. നൗഫൽ എന്നിവർ സംസാരിച്ചു. എച്ച്.എം.എസ് രക്ഷാധികാരി ശബീർ കൊടിയത്തൂർ, എം പവേർഡ് ട്രസ്റ്റ് വൈസ് ചെയർമാൻ ഷാഹിർ ഡെലിഗൊ എന്നിവർ സംബന്ധിച്ചു. ആഗോള തലത്തിൽ നടന്ന പൊതു പരീക്ഷയിൽ 100 ശതമാനം വിജയത്തോടൊപ്പം ഒമ്പത് റാങ്കുകളും, 33 എ പ്ലസുകളും എച്ച്.എം.എസ് വിദ്യാർഥികൾ കരസ്ഥമാക്കി.
2000ത്തിൽ ആരംഭിച്ച എച്ച്.എം.എസ് നിലവിൽ 25 രാജ്യങ്ങളിലായി 1500ലേറെ വിദ്യാർഥികളും 150ലേറെ അധ്യാപകരുമുള്ള ബഹുജന വിദ്യാഭ്യാസപദ്ധതിയായി വളർന്നതായി ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ബംഗളൂരുവിൽ 11 കേന്ദ്രങ്ങളിലായി ക്ലാസുകൾ നടന്നുവരുന്നുണ്ട്. റിദ സിറാജ്, ഹാമിദ അബ്ദുല്ല, കെൻസ, ഇമാൻ, മുസ്ലിഹ്, സൈഫുദ്ദീൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സഹൽ സുൽഫി, ഇർഷാദ്, റജീന, തസ്നിം തുടങ്ങിയവരും എസ്.ഐ.ഒ പ്രവർത്തകരും അധ്യാപകരും നേതൃത്വം നൽകി. എച്ച്.എം.എസിൽ പ്രവേശനം ആഗ്രഹിക്കുന്നവർ +91 94496 36636 നമ്പറിൽ ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

