ദേശീയപാത പ്രവൃത്തി ഇഴയുന്നു
text_fieldsപ്രതിഷേധം മുനീർ കാട്ടിപ്പള്ള ഉദ്ഘാടനം ചെയ്യുന്നു
മംഗളൂരു: ദേശീയപാത പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച നന്തൂർ ജങ്ഷനിൽ ടോൾ ഗേറ്റ് വിരുദ്ധ പോരാട്ട സമിതി പ്രതിഷേധ പ്രകടനം നടത്തി. ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയ പാതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക, ഭ്രമരകോട്‌ലു ടോൾ ഗേറ്റ് നീക്കം ചെയ്യുക, പുതിയ ടോൾ ഗേറ്റുകൾ നിർമിക്കുന്നതിന് മുമ്പ് ടോൾ ഗേറ്റ് ചട്ടങ്ങൾ പാലിക്കുക, നന്തൂർ ഫ്ലൈഓവറും കുളൂർ പാലവും നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് സമിതി കൺവീനർ മുനീർ കാട്ടിപ്പള്ള പറഞ്ഞു.
സൂറത്കൽ മുതൽ നന്തൂർ വരെയുള്ള പാതയുടെ അവസ്ഥ വളരെ ശോചനീയമാണ്. റോഡിൽ കുഴികൾ നിറഞ്ഞ് അപകടങ്ങൾ പതിവായി. ദേശീയപാത വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട് തുടർച്ചയായി നടത്തിയ ശ്രമഫലമായി സൂറത്കൽ ടോൾ ഗേറ്റ് നീക്കം ചെയ്യിക്കാൻ സമിതിക്ക് കഴിഞ്ഞു. എന്നിട്ടും ഭീഷണിപ്പെടുത്തി നിയമവിരുദ്ധമായി ഭ്രമരകോട്‌ലുവിൽ ടോൾ പിരിവ് തുടരുന്നു. കഴിഞ്ഞ 15 വർഷമായി ജനങ്ങൾ മംഗളൂരു- ബംഗളൂരു ദേശീയപാതയെയാണ് ആശ്രയിക്കുന്നത്. പക്ഷേ, ഇപ്പോഴും എളുപ്പത്തിലോ കൃത്യമായ സമയത്തോ യാത്ര ചെയ്യാൻ കഴിയുന്നില്ല. ബിസി റോഡ് മുതൽ ഗുണ്ട്യ വരെയുള്ള പാതയുടെ പ്രവൃത്തി അപൂർണമായി തുടരുന്നു. ഇത് യാത്രക്കാർക്ക് പൊടിയിലൂടെ സഞ്ചരിക്കാനും ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കാനും നിർബന്ധിതരാകുന്നു. പുഞ്ചൽക്കട്ടെ -ചാർമാദി റോഡും പൂർത്തിയാകാത്തതിനാൽ മഴക്കാലത്ത് യാത്ര ദുസ്സഹമാവുന്നു. പ്രവൃത്തികൾ ഒച്ചിന്റെ വേഗത്തിലാണ് നീങ്ങുന്നത്. നന്തൂരിൽനിന്ന് വാമഞ്ചൂരിലേക്കും കാർക്കളയിലേക്കുമുള്ള ഹൈവേ നിർമാണം ശരിയായ രീതിയിൽ ആരംഭിച്ചിട്ടുപോലുമില്ലെന്ന് മുനീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

