ഹൈവേ വികസന പദ്ധതി; മൈസൂരുവില്‍ 560 മരങ്ങൾ മുറിച്ചുമാറ്റും
text_fieldsബംഗളൂരു: മൈസൂരുവില്‍ അഞ്ച് വ്യത്യസ്ത വികസന പദ്ധതികൾക്കായി 560 മരങ്ങൾ വെട്ടിമാറ്റാൻ നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം. മൈസൂരു-ബംഗളൂരു ഹൈവേയിലെ പഴയ ടോൾ ഗേറ്റിന് സമീപമുള്ള ഫ്ലൈഓവർ, നഞ്ചൻഗുഡ്, ടി. നരസിപുർ എന്നിവിടങ്ങളിലേക്കുള്ള റോഡുകളുടെ വീതി കൂട്ടൽ എന്നിവയുൾപ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിനായാണ് മരങ്ങള്‍ മുറിച്ച് മാറ്റുന്നത്. ഇക്കാര്യത്തില്‍ പൊതുജനാഭിപ്രായം രേഖപ്പെടുത്തുന്നതിനായി വനം വകുപ്പ് സമയം നല്കി. പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ വ്യാഴാഴ്ച വൈകീട്ട് 5.30 വരെ rfomysore123@gmail.com എന്ന ഇ-മെയിൽ വഴിയോ തപാൽ വഴിയോ നേരിട്ടോ അഭിപ്രായം രേഖപ്പെടുത്താം. അഭിപ്രായങ്ങള്‍ പരിശോധിച്ച് സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുമെന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ കെ. പരമേഷ് പറഞ്ഞു.
നിലവില്‍ കെമ്പഗൗഡ സർക്കിളിലെ നാലുവരി ഫ്ലൈഓവറിന്റെ നിർമാണം പുരോഗമിക്കുന്നു. സിദ്ദിഖിനഗർ, ബന്നിമണ്ഡപ്, ഫൗണ്ടൻ സർക്കിൾ എന്നിവിടങ്ങളിലേക്കുള്ള ഭാഗങ്ങളിൽ മരങ്ങൾ നിര്‍മ്മാണത്തിന് തടസം നില്‍ക്കുന്നുവെന്ന് കണ്ടെത്തി. പദ്ധതിയുടെ നടത്തിപ്പിനായി 350 ഓളം മരങ്ങൾ മുറിച്ചുമാറ്റുന്നതിനായി അടയാളപ്പെടുത്തിയിട്ടുണ്ട്. സിദ്ദിഖിനഗർ-ഫൗണ്ടൻ സർക്കിൾ ഭാഗത്തുള്ള 19 മരങ്ങളും, ബന്നിമണ്ഡപ് പാർക്കിനുള്ളിലെ 256 മരങ്ങളും, ഹുൻസൂരിലേക്കുള്ള ഔട്ടർ റിങ് റോഡ് ഡിവൈഡറിനടുത്തുള്ള 52 മരങ്ങളും, മഹാദേവപുരയിലേക്ക് പോകുന്ന റിങ് റോഡിനടുത്തുള്ള 20 മരങ്ങളും ഇതിൽ ഉൾപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ദേശീയപാത 766 ലെ വീതി കൂട്ടലിന്റെ ഭാഗമായി നഞ്ചൻഗുഡ്, ടി. നരസിപൂർ റോഡുകളിലെ മരങ്ങൾ നീക്കം ചെയ്യുന്നതിന് എൻ.എച്ച്.എ.ഐ അനുമതി തേടിയിട്ടുണ്ട്. നഞ്ചൻഗുഡ് പാതയിൽ 15 മരങ്ങള്‍, കടക്കോളയിലെ ടി.വി.എസ് സർക്കിളിന് സമീപം 11 ഉം മണ്ടക്കല്ലിക്ക് സമീപം നാല് മരങ്ങള്‍, ടി. നരസിപൂർ പാതയിൽ വിവിധ സ്ഥലങ്ങളിലായി മൊത്തം 196 മരങ്ങളും മുറിക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ വരുണ സർക്കിളിന് സമീപം 26 മരങ്ങളും, ദുദ്ദഗെരെക്കും പുട്ടഗൗഡനഹുണ്ടിക്കും ഇടയിലുള്ള റോഡിന്റെ ഇരുവശങ്ങളിലുമുള്ള 110 മരങ്ങളും, എം.സി ഹുണ്ടിക്ക് സമീപം 60 മരങ്ങളും മുറിച്ച് മാറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

