നടപ്പാതയിലെ കയ്യേറ്റം; നോട്ടീസ് നൽകാതെ തന്നെ കടകൾ പൊളിച്ചുമാറ്റാൻ ജി.ബി.എക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി
text_fieldsബംഗളൂരു: കെ.ആർ. മാർക്കറ്റിലെ നടപ്പാതകളിൽ അനധികൃതമായി നിർമിച്ച കടകളുടെ ഉടമകൾക്ക് കൈയേറിയ ഭൂമിയുടെ കൈവശാവകാശം ഗ്രേറ്റർ ബംഗളൂരു അതോറിറ്റിക്ക് (ജി.ബി.എ) സ്വമേധയാ കൈമാറാൻ കർണാടക ഹൈക്കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.
നിശ്ചിത സമയപരിധിക്കുള്ളിൽ ഭൂമി കൈമാറിയില്ലെങ്കിൽ ഹർജിക്കാർക്ക് നോട്ടീസ് നൽകാതെ തന്നെ കടകൾ പൊളിച്ചുമാറ്റാൻ ജി.ബി.എക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി പറഞ്ഞു. കെ.ആർ മാർക്കറ്റിലെ മൈസുരു റോഡ് ഫ്ലൈഓവറിന് താഴെയുള്ള ഫുട്പാത്തിൽ നിർമിച്ച അനധികൃത കടകൾ നീക്കം ചെയ്യാനുള്ള ജി.ബി.എയുടെ നീക്കത്തെ ചോദ്യം ചെയ്ത് സാമുവലും മറ്റ് കട ഉടമകളും സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ബി.എം. ശ്യാം പ്രസാദ് അടങ്ങുന്ന ബെഞ്ച് നിർദേശം പുറപ്പെടുവിച്ചത്. കടകൾക്ക് ലൈസൻസ് നൽകിയിരുന്നത് മുൻ ബി.ബി.എം.പി ആണെന്നും വൈദ്യുതി കണക്ഷനുകൾ നൽകിയിരുന്നത് ബെസ്കോം ആണെന്നും ഹരജിക്കാർ അവകാശപ്പെട്ടിരുന്നെങ്കിലും ലൈസൻസിലെ ഒപ്പ് ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥന്‍റെതല്ലെന്ന് ജി.ബി.എ സത്യവാങ്മൂലം സമർപ്പിച്ചു.
റവന്യൂ ഉദ്യോഗസ്ഥൻ ലൈസൻസുകളിൽ ഒപ്പിട്ടിട്ടില്ലെന്ന് ജി.ബി.എ കോടതിയെ അറിയിച്ചു. കടയുടമകൾ ഭൂമിയുടെ കൈവശാവകാശം ജി.ബി.എക്ക് കൈമാറാൻ തയ്യാറാണെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കടകളിൽ സ്ഥാപിച്ച വൈദ്യുതി മീറ്ററുകൾ ബെസ്കോമിന് തിരികെ നൽകുമെന്നും സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നല്‍കണമെന്നും ഉടമകള്‍ പറഞ്ഞു.
കടകൾ ഒഴിയാൻ രണ്ടാഴ്ചത്തെ സമയം കൂടി ഹർജിക്കാർ ആവശ്യപ്പെട്ടു. നിയമപ്രകാരം അപേക്ഷകൾ പരിഗണിക്കുമെന്ന് സംസ്ഥാനത്തിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ ശശി കിരൺ ഷെട്ടി കോടതിയെ അറിയിച്ചു. ഇരുഭാഗത്തിന്‍റെയും വാദം കേട്ട ശേഷം രണ്ടാഴ്ചക്കുള്ളിൽ കടകൾ പൂട്ടി ഭൂമിയുടെ കൈവശാവകാശം ജി.ബി.എക്ക് കൈമാറാൻ ഹൈക്കോടതി ഹരജിക്കാര്‍ക്ക് നിര്‍ദേശം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

