ആർ.സി.ബി,ഡി.എൻ.എ ഹരജികൾ ഹൈകോടതി ഇന്ന് പരിഗണിക്കും
text_fieldsബംഗളൂരു: എം.ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും 11 പേർ മരിച്ച സംഭവത്തിൽ ക്രിമിനൽ കേസുകൾ ചുമത്തിയതിനെ ചോദ്യം ചെയ്ത് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഡി.എൻ.എ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡും സമർപ്പിച്ച ഹരജികൾ കർണാടക ഹൈകോടതി ചൊവ്വാഴ്ച പരിഗണിക്കും.
തിങ്കളാഴ്ച, ആർ.സി.ബിയും ഡി.എൻ.എ എന്റർടൈൻമെന്റും തങ്ങൾക്കെതിരായ എഫ്.ഐ.ആറുകളെ ചോദ്യം ചെയ്ത് വെവ്വേറെ ഹരജികൾ സമർപ്പിച്ചു. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർ.സി.ബി) ഉടമയായ റോയൽ ചലഞ്ചേഴ്സ് സ്പോർട്സ് ലിമിറ്റഡ് (ആർ.സി.എസ്.എൽ) കേസിൽ തങ്ങളെ തെറ്റായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വാദിച്ചു.
പരിമിതമായ പാസുകൾ മാത്രമേ ലഭ്യമാകൂ എന്ന് സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമായി അറിയിച്ചിരുന്നുവെന്ന് ആർ.സി.എസ്.എൽ ഹരജിയിൽ അവകാശപ്പെട്ടു. സൗജന്യ പാസുകൾക്ക് പോലും പ്രവേശനത്തിന് മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമായിരുന്നു. ഉച്ച 1.45 ന് തുറക്കേണ്ടിയിരുന്ന സ്റ്റേഡിയം ഗേറ്റുകൾ യഥാർഥത്തിൽ മൂന്ന് മണിക്ക് മാത്രമാണ് തുറന്നതെന്നും ഇത് ജനക്കൂട്ടത്തിന്റെ തിരക്കിന് കാരണമായെന്നും ഹരജിയിൽ ആരോപിച്ചു.
അതേസമയം ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പൊലീസിനുണ്ടായ പരാജയം മൂലമാണ് സംഭവം നടന്നതെന്ന് ഡി.എൻ.എ ഹരജിയിൽ പറയുന്നു. വിധാൻ സൗധയിൽ ഭൂരിഭാഗം പൊലീസുകാരെയും നിയോഗിച്ചിരുന്നതായും ജനക്കൂട്ടം തിങ്ങിനിറഞ്ഞിട്ടും സ്റ്റേഡിയത്തിൽ പൊലീസ് സേനയുടെ കുറവുണ്ടായിരുന്നുവെന്നും അവർ അവകാശപ്പെട്ടു.
തിക്കിലും തിരക്കിലും പെട്ട കേസുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും ജൂൺ 10 ന് ഒരുമിച്ച് കേൾക്കണമെന്ന് അഡ്വക്കറ്റ് ജനറൽ ശശികിരൺ ഷെട്ടി കോടതിയോട് അഭ്യർഥിച്ചു. എതിർപ്പുകൾ സമർപ്പിക്കാൻ സമയം നൽകാൻ കോടതി സമ്മതിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.