സിനിമാ ടിക്കറ്റ് ഏകീകരിക്കലിനെതിരായ ഹരജിയിൽ ഹൈകോടതി വിധി 23ന്
text_fieldsബംഗളൂരു: മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ എല്ലാ തിയറ്ററുകളിലും സിനിമാ ടിക്കറ്റ് നിരക്ക് പരമാവധി 200 രൂപയായി പരിമിതപ്പെടുത്തണമെന്ന സംസ്ഥാന സർക്കാറിന്റെ പുതിയ നിയമം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഇടക്കാല ഹരജിയിൽ കർണാടക ഹൈകോടതി വിധി പറയുന്നത് സെപ്റ്റംബർ 23ലേക്ക് മാറ്റി.
സെപ്റ്റംബർ 12 മുതൽ പ്രാബല്യത്തിൽ വരുമെന്ന് വിജ്ഞാപനം ചെയ്ത കർണാടക സിനിമ (ഭേദഗതി) നിയമത്തെ ചോദ്യം ചെയ്ത് സിനിമ നിർമാണ കമ്പനിയായ ഹോംബാലെ ഫിലിംസ്, മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രതിനിധി ശുഭം താക്കൂർ, പി.വി.ആർ ഇനോക്സ് ലിമിറ്റഡ് ഓഹരി ഉടമകളായ ശാന്തനു പൈ, കീസ്റ്റോൺ എന്റർടെയ്ൻമെന്റ്, വി.കെ ഫിലിംസ് എന്നിവർ സമർപ്പിച്ച ഹരജിയിൽ ജസ്റ്റിസ് രവി ഹോസ്മാനിയുടെ ഏകാംഗ ബെഞ്ച് ഹരജിക്കാരുടെയും സർക്കാറിന്റെയും വാദം കേട്ടു.
2017 ഏപ്രിലിൽ ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തി പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് ഹൈകോടതിയിൽ ചോദ്യം ചെയ്യുകയും പിന്നീട് അത് പിൻവലിച്ചുവെന്നും കർണാടക സിനിമാസ് റെഗുലേഷൻ ആക്ടിന് കീഴിൽ ടിക്കറ്റ് വില നിശ്ചയിക്കുന്നത് നിയമപരമല്ലെന്നും അസോസിയേഷനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി വാദിച്ചു.
മൾട്ടിപ്ലക്സുകൾ, സിനിമാ ഹാളുകൾ എന്നിവ നിർമിക്കുന്നതിനായി വലിയ തുകകൾ ചെലവഴിച്ചിട്ടുണ്ടെന്നും ഈ ഭേദഗതി തിയറ്റര് ഉടമകളുടെ ബിസിനസ് നടത്താനുള്ള അവകാശത്തെ നിയന്ത്രിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.തങ്ങളുടെ റിട്ട് ഹരജികളിൽ തീർപ്പാകുന്നതുവരെ പുതിയ നിയമം നടപ്പാക്കുന്നതിന് ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന് ഹരജിക്കാർ കോടതിയോട് അഭ്യർഥിച്ചു. ഇരുവശത്തുനിന്നും വിശദമായ വാദങ്ങൾ കേട്ട ശേഷം, ബെഞ്ച് സെപ്റ്റംബർ 23ലേക്ക് വിധി പറയാൻ മാറ്റി.
ജൂലൈ 15ന് പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തിനെതിരെ ചില ഹരജിക്കാർ എതിർപ്പുകൾ സമർപ്പിച്ചിട്ടുണ്ടെന്ന് അഡീ. അഡ്വക്കറ്റ് ജനറൽ (എ.എ.ജി) ഇസ്മായിൽ സബിയുല്ല ഈ വാദങ്ങൾക്ക് മറുപടി നൽകി. മുതിർന്ന അഭിഭാഷകരായ മുകുൾ റോഹ്തഗി, ഉദയ ഹോള, ധ്യാൻ ചിന്നപ്പ, ഡി.ആർ. രവിശങ്കർ, വിക്രം ഹുയിൽഗോൾ എന്നിവർ ഹരജിക്കാർക്കുവേണ്ടി വാദിച്ചു. സംസ്ഥാന സർക്കാറിനുവേണ്ടി അഡീ. അഡ്വ. ജനറൽ ഇസ്മായിൽ സബീയുല്ല ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

