'പാകിസ്താൻ സിന്ദാബാദ്' മുദ്രാവാക്യം വിളിച്ചയാള്ക്കെതിരായ കേസ് ഹൈകോടതി റദ്ദാക്കി
text_fieldsബംഗളൂരു: നാല് വർഷം മുമ്പ് മാണ്ഡ്യയിൽ നടന്ന ബി.ജെ.പി പ്രകടനത്തിനിടെ 'പാകിസ്ഥാൻ സിന്ദാബാദ്' മുദ്രാവാക്യം വിളിച്ചയാള്ക്കെതിരായ ക്രിമിനൽ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. മാണ്ഡ്യ സ്വദേശിയായ ഡി.എസ്. രവികുമാറിനെതിരായ കേസാണ് ഹൈകോടതി റദ്ദാക്കിയത്.
ജസ്റ്റിസ് ശ്രീഷാനന്ദയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 2022 ഡിസംബർ 18 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയെയും കുറിച്ച് ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പി മാണ്ഡ്യയിൽ പ്രതിഷേധ പ്രകടനം നടത്തിയപ്പോഴാണ് സംഭവം. പ്രതിഷേധത്തിനിടെ രവികുമാർ 'പാകിസ്ഥാൻ സിന്ദാബാദ്' വിളിച്ചു പറഞ്ഞു എന്നായിരുന്നു പരാതി.
തുടർന്ന് മാണ്ഡ്യ പൊലീസ് അദ്ദേഹത്തിനെതിരെ കേസെടുക്കുകയായിരുന്നു. താൻ അബദ്ധത്തിൽ മുദ്രാവാക്യം വിളിച്ചതാണെന്നും കേസ് റദ്ദാക്കണമെന്നും രവികുമാർ കോടതിയിൽ ആവശ്യപ്പെട്ടു.
അന്വേഷണ രേഖകൾ പരിശോധിച്ച ശേഷം അബദ്ധത്തിൽ മുദ്രാവാക്യം വിളിക്കുന്നത് കുറ്റകരമല്ലെന്ന് കോടതി പറഞ്ഞു. രവികുമാറിന് ക്രിമിനൽ പശ്ചാത്തലമില്ലെന്നും സമാധാനം തകർക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് ഹൈക്കോടതി അദ്ദേഹത്തിനെതിരായ കേസ് റദ്ദാക്കിയത്.

