അനധികൃത വിദ്യാർഥി പ്രവേശനം; മൂന്ന് ആയുർവേദ കോളജുകൾക്ക് ഹൈകോടതി മൂന്ന് കോടി പിഴ ചുമത്തി
text_fieldsബംഗളൂരു: 2022-23, 2023-24 അധ്യയന വർഷങ്ങളിൽ കർണാടക പരീക്ഷാ അതോറിറ്റിയുടെ (കെ.ഇ.എ) അലോട്ട്മെൻറ് ലെറ്ററുകൾ ഇല്ലാതെ വിദ്യാർഥികളെ പ്രവേശിപ്പിച്ചതിന് മൂന്ന് ആയുർവേദ കോളജുകൾക്ക് കർണാടക ഹൈകോടതി ശനിയാഴ്ച മൂന്ന് കോടി രൂപ പിഴ ചുമത്തി. ചെലവ് സായുധസേനാ യുദ്ധ അപകടമരണ ക്ഷേമ ഫണ്ടിലേക്ക് നൽകണമെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു.
ശിവമൊഗ്ഗയിലെ ടി.എം.എ.ഇ സൊസൈറ്റി ആയുർവേദിക് മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റൽ (1.5 കോടി രൂപ), യെലഹങ്കയിലെ രാമകൃഷ്ണ മെഡിക്കൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻറർ (75 ലക്ഷം രൂപ), ബംഗളൂരുവിലെ അച്യുത ആയുർവേദിക് മെഡിക്കൽ കോളജ് (75 ലക്ഷം രൂപ) എന്നിവക്കാണ് പിഴ ലഭിച്ചത്. ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിൽ പ്രവേശനം അനുവദിക്കണമെന്നും ആ വിദ്യാർഥികൾക്ക് പഠനം തുടരാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് കോളജുകൾ ഹൈകോടതിയെ സമീപിച്ചിരുന്നു.
കെ.ഇ.എ കൗൺസലിങ്ങിലൂടെയല്ലാതെയുള്ള വിദ്യാർഥികളെയാണ് ഈ കോളജുകൾ പ്രവേശിപ്പിച്ചത്. അതിനാൽ പ്രവേശനം എൻ.സി.ഐ.എസ്.എം റെഗുലേഷനിലെ റെഗുലേഷൻ 5(7)(i) ന്റെ ലംഘനമാണ്. ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നത് നിയമപരമായ വ്യവസ്ഥകളുടെ ലംഘനമല്ലെന്നും വിദ്യാർഥികളുടെ പ്രവേശനം അവരുടെ മൗലികാവകാശമാണെന്നും കോളജ് മാനേജ്മെൻറുകൾ വാദിച്ചു.
മറുവശത്ത്, കോളജുകൾ പ്രവേശനം നേടിയ വിദ്യാർഥികളെ പ്രവേശനത്തിനുള്ള അവസാന തീയതിക്ക് തൊട്ടുമുമ്പ് കോളജുകളിൽ സീറ്റുകൾ തടഞ്ഞുവെച്ചവരായി കാണാമെന്ന് കെ.ഇ.എയുടെ അഭിഭാഷകൻ വാദിച്ചു. എന്തെങ്കിലും ഇളവ് അനുവദിക്കുന്ന സാഹചര്യത്തിൽ, ഈ വിദ്യാർഥികളുടെ അക്കാദമിക് യോഗ്യതയും നീറ്റ് യോഗ്യതയും പരിശോധിക്കേണ്ടതുണ്ടെന്നും പ്രവേശന മാനദണ്ഡങ്ങൾ യോഗ്യരായ വിദ്യാർഥികളെ മാത്രമേ പ്രവേശനത്തിന് പരിഗണിക്കാവൂ എന്നും വാദിച്ചു.
2022ലെ നാഷനൽ കമീഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻസ് (മിനിമം സ്റ്റാൻഡേർഡ്സ് ഓഫ് അണ്ടർ ഗ്രാജ്വേറ്റ് ആയുർവേദ എജുക്കേഷൻ (എം.എസ്.എ.ഇ) റെഗുലേഷൻസിന്റെ 5(7)(i), 5(9), 5(10) എന്നിവക്ക് വിരുദ്ധമാണ് പ്രവേശനമെന്ന് ചൂണ്ടിക്കാട്ടി ഹരജിക്കാർ സമർപ്പിച്ച വാദങ്ങൾ ജസ്റ്റിസുമാരായ ഡി.കെ. സിങ്, ടി. വെങ്കിടേഷ് നായിക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളി.
അനുവദിച്ച പ്രവേശനത്തിന് വിരുദ്ധമായി വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ ഹരജിക്കാരായ സ്ഥാപനങ്ങൾക്ക് അവകാശമുണ്ടായിരിക്കാം, എന്നാൽ, എം.എസ്.എ.ഇ റെഗുലേഷൻസ് അനുസരിച്ചു മാത്രമേ പ്രവേശനം നടത്താവൂ എന്നും കോളജുകളുടെ മാനേജ്മെൻറിന് സ്വന്തമായി പ്രവേശനം നടത്താൻ അവകാശമില്ലെന്നും ബെഞ്ച് പറഞ്ഞു.
എന്നാൽ, കെ.ഇ.എ നടത്തിയ അലോട്ട്‌മെൻറിന് പുറമെ ഹരജിക്കാരായ കോളജുകൾ പ്രവേശനം നേടിയ വിദ്യാർഥികളുടെ താൽപര്യം സംരക്ഷിക്കുന്നതിനായി, 10 ദിവസത്തിനുള്ളിൽ കെ.ഇ.എക്ക് മുന്നിൽ പ്രവേശനം നേടിയ എല്ലാ വിദ്യാർഥികളുടെയും വിശദാംശങ്ങൾ നൽകാൻ ബെഞ്ച് ഹരജിക്കാരായ കോളജുകളോട് നിർദേശിച്ചു.
കെ.ഇ.എ ഓരോ വിദ്യാർഥിയുടെയും യോഗ്യതാപത്രങ്ങൾ പരിശോധിക്കും. യോഗ്യതയുള്ള എല്ലാ വിദ്യാർഥികളുടെയും പട്ടിക കെ.ഇ.എ എൻ.സി.ഐ.എസ്.എമ്മിനും ആർ.ജി.യു.എച്ച്.എസിനും അയക്കണം. ആ വിദ്യാർഥികളുടെ പ്രവേശനം മാത്രമേ മേൽപറഞ്ഞ അധികാരികൾ അംഗീകരിക്കാവൂ എന്നും ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

