കലക്ടറേറ്റ് ഒഴിഞ്ഞ കെട്ടിടത്തിൽ ഇനി ഹൈകോടതി ബെഞ്ച്
text_fieldsമംഗളൂരു: ദക്ഷിണ കന്നട, ഉഡുപ്പി, ഉത്തര കന്നട, ചിക്കമഗളൂരു, കുടക് ജില്ലകളെ ഉൾപ്പെടുത്തി മംഗളൂരുവിൽ ഹൈക്കോടതി സർക്യൂട്ട് ബെഞ്ച് സ്ഥാപിക്കാനുള്ള നടപടികൾ ചടുലം.
കഴിഞ്ഞ വർഷം മേയിൽ പഡിലിൽ പുതിയ സിവിൽ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തതിനെത്തുടർന്ന് ഒഴിഞ്ഞു കിടക്കുന്ന നഗരത്തിലെ പഴയ ഡെപ്യൂട്ടി കമീഷണർ ഓഫീസ് കെട്ട സൗകര്യങ്ങൾ താൽക്കാലികമായി ഉപയോഗപ്പെടുത്താനാണ് നീക്കം. പരിശോധനക്ക് ചീഫ് ജസ്റ്റിസ് ഈയാഴ്ച എത്തുമെന്ന് ആക്ഷൻ കമ്മിറ്റി ചെയർമാൻ ഇവാൻ ഡിസൂസ എംഎൽസി പറഞ്ഞു. കോടതി ഹാളുകൾ, ഔദ്യോഗിക രേഖകൾ സൂക്ഷിക്കുന്നതിനുള്ള സ്ഥലം തുടങ്ങിയ സൗകര്യങ്ങൾ ഹൈകോടതി ബെഞ്ചിന് ആവശ്യമായി വരും. ഇതിനായി അഞ്ചര ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ബഹുനിലകളുള്ള പഴയ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസ് കെട്ടിടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ കന്നട ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവു സർക്കാരിന് കത്തെഴുതിയിട്ടുണ്ട്. വിജയനഗര സാമ്രാജ്യത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ജൈന അരസു വംശജരായ ബംഗാ രാജവംശത്തിന്റെ കാലത്ത് നിർമിച്ചതാണിത്.
1784-ൽ ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം കെട്ടിടം ടിപ്പു സുൽത്താന്റെ കൈവശമായി. അദ്ദേഹത്തിന്റെ മരണശേഷം മേജർ സർ തോമസ് മൺറോ ഈ കെട്ടിടം ആദ്യത്തെ ജില്ലാ കലക്ടറുടെ ഓഫീസായി ഉപയോഗിച്ചു. മംഗളൂരുവിൽ പ്രവർത്തിക്കുന്ന വിചാരണ തടവുകാരുടെ ജയിൽ മുടിപ്പുവിലേക്ക് മാറ്റിയാൽ കൂടുതൽ സ്ഥലം ലഭ്യമാകുമെന്ന് ഇവാൻ ഡിസൂസ പറഞ്ഞു. ആ പ്രക്രിയക്ക് രണ്ടോ മൂന്നോ വർഷം കൂടി എടുത്തേക്കാം എന്നതിനാൽ പഴയ ഡിസി ഓഫീസ് കെട്ടിടം അടിയന്തര പരിഹാരമായി പരിഗണിക്കപ്പെടുന്നു.ചീഫ് ജസ്റ്റിസിന്റെ പരിശോധനാ സന്ദർശനത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം.
അഭിഭാഷക സംഘടനകൾ, നിയമ വിദ്യാർത്ഥികൾ, തൊഴിലാളികൾ, പൊതുജനങ്ങൾ എന്നിവരുടെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായാണ് ഇതുവരെയുള്ള പുരോഗതി ഉണ്ടായതെന്ന് ഡിസൂസ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

