ജാതി സർവേ പുനർ കണക്കെടുപ്പ് നടത്താൻ കോൺ. ഹൈകമാൻഡ് നിർദേശം
text_fieldsമുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കെ.സി. വേണുഗോപാൽ എം.പിക്കൊപ്പം
ബംഗളൂരു: 10 വർഷം മുമ്പ് കർണാടക സർക്കാർ നടത്തിയ ജാതി സർവേയിൽനിന്ന് ഒഴിവാക്കപ്പെട്ട ചില സമുദായങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി ജാതി പുനര് കണക്കെടുപ്പ് നടത്താൻ കോൺഗ്രസ് ഹൈകമാൻഡ് ചൊവ്വാഴ്ച നിർദേശം നൽകി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രിയും പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ ഡി.കെ. ശിവകുമാറുമായും പാർട്ടി ഉന്നതർ കോൺഗ്രസിന്റെ പുതിയ ഡൽഹി ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് നിർദേശം. ഈ മാസം നാലിന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ കർണാടക സർക്കാർ സ്വീകരിച്ച നടപടികൾക്ക് ഹൈകമാൻഡ് പിന്തുണ അറിയിച്ചു.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ (ആർ.സി.ബി) ഐ.പി.എൽ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും അതൃപ്തി പ്രകടിപ്പിച്ചു. മനുഷ്യജീവനുകൾ കോൺഗ്രസ് പാർട്ടിക്ക് വളരെ വിലപ്പെട്ടതാണെന്നും ജനങ്ങളോട് പ്രതികരിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും രാഹുൽ ഗാന്ധി മുഖ്യമന്ത്രിയോടും പി.സി.സി പ്രസിഡന്റിനോടും പറഞ്ഞു.
ഇന്ദിരാ ഭവനിൽ സംസ്ഥാന വിഷയങ്ങളെക്കുറിച്ചുള്ള മൂന്ന് മണിക്കൂർ നീണ്ട ചർച്ചയിൽ എ.ഐ.സി.സി സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിയും കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി രൺദീപ് സുർജേവാലയും പങ്കെടുത്തു. സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ ജനപക്ഷ സമീപനം സ്വീകരിക്കണമെന്ന് പാർട്ടി നേതൃത്വം മുഖ്യമന്ത്രിയോട് പറഞ്ഞു.
കർണാടകയിലെ കോൺഗ്രസ് സർക്കാറിനെതിരെ പ്രതിപക്ഷമായ ബി.ജെ.പിയും ജെ.ഡി-എസും രൂക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ട്. ദുരന്തത്തിന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും നേരിട്ട് ഉത്തരവാദികളാണെന്ന് ആരോപിച്ച് ഇരു പാർട്ടികളും അവരുടെ രാജി ആവശ്യപ്പെട്ടിരുന്നു. ബംഗളൂരുവിൽ നടന്ന നിർഭാഗ്യകരമായ സംഭവം ഉൾപ്പെടെ സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്തതായി വേണുഗോപാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യോഗത്തിൽ ഉയർന്നുവന്ന വിഷയങ്ങളിൽ ജാതി സെൻസസും ഉൾപ്പെട്ടിരുന്നുവെന്നും ജൂൺ 12ന് നടക്കുന്ന പ്രത്യേക മന്ത്രിസഭയിൽ കർണാടക സർക്കാർ ഇത് ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ‘‘ജാതി സെൻസസ് ചർച്ച ചെയ്യപ്പെട്ടു. ജാതി സെൻസസിൽ കർണാടക സർക്കാർ എന്ത് ചെയ്താലും അത് തത്വത്തിൽ അംഗീകരിക്കണമെന്ന് കോൺഗ്രസ് പാർട്ടി കരുതുന്നു. എന്നാൽ ജാതി എണ്ണുന്നത് സംബന്ധിച്ച് ചില വിഭാഗങ്ങളിൽനിന്നും സമൂഹങ്ങളിൽനിന്നും ചില ആശങ്കകൾ ഉണ്ട്.’’ സംസ്ഥാന സർക്കാർ ഒരു പതിറ്റാണ്ട് മുമ്പ് ജാതി സെൻസസ് നടത്തിയിരുന്നുവെന്നും ഇപ്പോൾ ആ ഡേറ്റ കാലഹരണപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
60-80 ദിവസങ്ങൾക്കുള്ളിൽ ഒരു നിശ്ചിത സമയത്തിനുള്ളിൽ പുനർ കണക്കെടുപ്പ് പ്രക്രിയ നടത്താൻ കോൺഗ്രസ് പാർട്ടി മുഖ്യമന്ത്രിയോട് നിർദേശിച്ചിട്ടുണ്ട്. ജാതി സെൻസസിനെക്കുറിച്ച് യോഗത്തിൽ ഞങ്ങൾ തീരുമാനിച്ചത് ഇതാണ് -അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ നൽകുമെന്ന് കൂട്ടിച്ചേർത്തു. ജാതി കണക്കെടുപ്പോടെയുള്ള ദേശീയ സെൻസസിന്റെ ഷെഡ്യൂൾ കേന്ദ്രം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.
ബംഗളൂരു സംഭവത്തെക്കുറിച്ചും സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചും മുഖ്യമന്ത്രിയും പി.സി.സി പ്രസിഡന്റും നേതൃത്വത്തോട് വിശദീകരിച്ചതായി വേണുഗോപാൽ പറഞ്ഞു. തിക്കിലും തിരക്കിലും പെട്ട സംഭവത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര നേതൃത്വം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
കർണാടകക്കുള്ള കേന്ദ്ര പദ്ധതി വിഹിതം ‘അപര്യാപ്തമായ’ തുകയാണെന്ന വിഷയവും യോഗം പരിഗണിച്ചു. ആസൂത്രിത വിഹിതത്തിൽ കേന്ദ്രം കർണാടക സംസ്ഥാനത്തെ പൂർണമായി അവഗണിക്കുകയാണ്. കർണാടകയെ മൂലയിൽ തള്ളാനാണ് ശ്രമം. ഇത് ഒട്ടും സ്വീകാര്യമല്ലെന്ന് വേണുഗോപാൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.