വനിതാ ശുചിമുറിയിൽ ഒളികാമറ വെച്ചു; ഇൻഫോസിസ് ജീവനക്കാരൻ അറസ്റ്റിൽ
text_fieldsസ്വപ്നിൽ നാഗേഷ് മാലി
ബംഗളൂരു: ഇലക്ട്രോണിക് സിറ്റി കാമ്പസിലെ വനിത ശുചിമുറിയിൽ സഹപ്രവർത്തകയെ ചിത്രീകരിച്ച കേസിൽ ഇൻഫോസിസ് ജീവനക്കാരനെ ബുധനാഴ്ച അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയും ഇൻഫോസിസിൽ സീനിയർ അസോസിയറ്റ് കൺസൾട്ടന്റുമായ സ്വപ്നിൽ നാഗേഷ് മാലിയാണ്(30) അറസ്റ്റിലായത്.
തിങ്കളാഴ്ച രാവിലെയാണ് വനിതകളുടെ വാഷ്റൂം ഉപയോഗിക്കുന്നതിനിടെ അടുത്തുള്ള ഒരു ക്യൂബിക്കിളിൽ നിന്ന് സംശയാസ്പദമായ പ്രതിഫലനവും ചലനവും യുവതിയുടെ ശ്രദ്ധയിൽപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. അടുത്ത ക്യൂബിക്കിളിൽനിന്ന് സ്വപ്നിൽ മൊബൈൽ ഫോണിൽ തന്നെ ചിത്രീകരിച്ചതായി യുവതി പരാതിയിൽ ആരോപിച്ചു.
നിലവിളിച്ച് പുറത്തേക്ക് ഓടിയ യുവതി സഹപ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ എച്ച്.ആർ ജീവനക്കാർ പിടികൂടി പൊലീസിന് കൈമാറി. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ ഇരയുടെ വിഡിയോയും രഹസ്യമായി റെക്കോഡുചെയ്ത നിലയിൽ മറ്റൊരു ജീവനക്കാരിയുടെ ബാത്റൂം ദൃശ്യങ്ങളും കണ്ടെത്തി.
പിടിക്കപ്പെട്ടതോടെ എച്ച്.ആർ ജീവനക്കാർക്കു മുന്നിൽ പ്രതി ആവർത്തിച്ച് ക്ഷമാപണം നടത്തുകയും വിഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ, ഡിലീറ്റ് ചെയ്യുന്നതിന് മുമ്പ് എച്ച്.ആർ ജീവനക്കാർ തെളിവായി വിഡിയോയുടെ സ്ക്രീൻഷോട്ട് എടുത്തു.
തുടർന്ന്, യുവതി ഇലക്ട്രോണിക് സിറ്റി പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തുവരുകയാണ്. സംഭവത്തെക്കുറിച്ച് ഇൻഫോസിസിൽ നിന്ന് ഉടൻ പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

